pic

ദുബായ്: യു.എ.ഇയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു (31) അബുദാബിയിലും ഇരിഞ്ഞാലക്കുട പുത്തൻചിറ സ്വദേശി വെള്ളൂർ കുമ്പളത്ത് ബിനിൽ ദുബായിലുമാണ് മരിച്ചത്.

ഷിബു കഴിഞ്ഞ രണ്ടാഴ്ചയായി അബുദാബിയിലും ബിനിൽ ഒരാഴ്ചയായി അജ്മാനിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 119 ആയി.

പെരുന്നാൾ അവധിക്കുശേഷം പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി ദുബായിൽ നാളെ മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി.

ദുബായ് എമിറേറ്റിൽ രാവിലെ 6 മുതൽ രാത്രി 11 വരെ സഞ്ചാര നിയന്ത്രണം ഉണ്ടാവില്ല. രാത്രി പതിനൊന്ന് മുതൽ രാവിലെ ആറ് വരെയുള്ള നിയന്ത്രണം തുടരും. യാത്രാവിലക്കില്ലാത്ത സമയങ്ങളിലും പുറത്തിറങ്ങാൻ മാസ്‌ക്കും, ഗ്ലൗസും നിർബന്ധമാണ്. സാമൂഹിക അകലവും കർശനമായി പാലിക്കണം.