ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രണ്ടാം മോദി സർക്കാർ ഒന്നാം വാർഷികം വേറിട്ട രീതിയിൽ ആഘോഷിക്കാനൊരുങ്ങുന്നു. മേയ് 30നാണ് മോദി രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് ഒരു വർഷം തികയുന്നത്. രാജ്യത്ത് 10 കോടിയോളം ഭവനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെഴുതിയ കത്ത് ബൂത്ത് തല പ്രവര്‍ത്തകര്‍ നേരിട്ട് എത്തിക്കും.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ആയിരിക്കും ചടങ്ങുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുക. തീവ്രബാധിത മേഖലകൾ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലായിരിക്കും കത്ത് വിതരണം. തീവ്രബാധിത മേഖലകളിൽ സാമൂഹിക മാദ്ധ്യമങ്ങള്‍, ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ എന്നിവ വഴി കത്ത് എത്തിക്കും. ഒരു വെര്‍ച്വല്‍ റാലി നടത്താനും ബി.ജെ.പി ആലോചിക്കുന്നുണ്ടെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം അറിയിച്ചു.
രാജ്യത്തുടനീളം 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ സംഘടിപ്പിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിലൂന്നിയായിരിക്കും വെര്‍ച്വല്‍ സംവാദങ്ങള്‍. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്രം സ്വീകരിച്ച പ്രതിരോധ നടപടികള്‍, കൊവിഡ് മഹാമാരിയെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് എന്നിവയെല്ലാം തങ്ങളുടെ ഭരണനേട്ടമായി ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ ബി.ജെ.പി ഉയര്‍ത്തിക്കാണിക്കും.