delhi

ന്യൂഡൽഹി: ഡല്‍ഹിയില്‍ മലയാളി നഴ്‌സായ അംബിക കൊവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മകന്‍ അഖില്‍. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പി.പി.ഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം ചെയ്യാതെ നല്‍കി ജോലി ചെയ്യിപ്പിച്ചുവെന്നാണ് അഖിൽ ഉന്നയിക്കുന്ന ആരോപണം.

പഴകിയതും കീറിയതുമായ മാസ്കുകള്‍ നല്‍കി ആശുപത്രി അധികൃതര്‍ പണം വാങ്ങി. ചികിത്സതേടിപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടുവെന്നും അംബികയുടെ മകൻ പറയുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും രണ്ട് ദിവസം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചില്ലെന്നും അഖില്‍ പറഞ്ഞു.

രാജ്യത്തെ ആരോഗ്യ പ്രവർത്തകർ വേണ്ടത്ര സുരക്ഷയില്ലാതെയാണ് കൊവിഡ് ഡ്യൂട്ടി ചെയ്യുന്നതെന്ന വാർത്തകൾക്കിടെയാണ് ആശുപത്രിക്കെതിരെ ആരോപണവുമായി അംബികയുടെ മകൻ രംഗത്തെത്തിയിരിക്കുന്നത്.