pic

എറണാകുളം: പെരുമ്പാവൂർ കാലടി ശിവരാത്രി മണപ്പുറത്തെ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ രണ്ടുപേരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ ബജ്‌റംഗ് ദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂർ,കാലടി സ്വദേശി രാഹുൽ(18)എന്നിവരാണ് അറസ്റ്റിലായത്. മണപ്പുറത്തെ ശിവക്ഷേത്രത്തിനു സമീപമായി ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയിൽ നിർമിച്ച സെറ്റാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ (എ.എച്ച്.പി.) യുവജന വിഭാഗമായ രാഷ്ട്രീയ ബജ് രംഗ് ദൾ പ്രവർത്തകർ തകർത്തത്.

ടൊവിനോ തോമസ് നായകനായ ’മിന്നൽ മുരളി’ എന്ന സിനിമയ്ക്കായാണ് സെറ്റിട്ടത്. റൂറൽ എസ്.പി. കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രതീഷ് മലയാറ്റൂരിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ബജ്‌റംഗ്‌ദളിന്റെ പ്രവർത്തകർ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആയുധങ്ങളുമായെത്തി സെറ്റ് പൊളിച്ച് കേടുവരുത്തുകയായിരുന്നു. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് രതീഷ് മലയാറ്റൂർ.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് നിർമിച്ചതായിരുന്നു സെറ്റ്. നിബന്ധനകളോടെയായിരുന്നു ഷൂട്ടിംഗ് അനുമതി. സെറ്റ് നിർമാണം പൂർത്തീകരിച്ചപ്പോഴേക്കും ലോക്ക് ഡൗണായി. തുടർന്ന് ക്ളൈമാക്സ് ഉൾപ്പെടെയുള്ള രംഗങ്ങൾ പിന്നീട് ചിത്രീകരിക്കാനായി ഷൂട്ടിംഗ് മാറ്റിവയ്ക്കുകയായിരുന്നു. സിനിമാ പ്രവർത്തകർ കാലടി ശിവരാത്രി മണപ്പുറത്ത് ചിത്രീകരണത്തിന് അനുമതി തേടി അപേക്ഷ നൽകിയിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്താണ് അനുമതി നൽകിയത്. സ്ഥിരം നിർമാണങ്ങൾക്കാണ് പ്രത്യേക പെർമിറ്റും അപേക്ഷയും വേണ്ടിവരുന്നതെന്നും താൽക്കാലിക സെറ്റുകൾക്ക് അതിന്റെ ആവശ്യം വരുന്നില്ലെന്നും കെ. തുളസി പറഞ്ഞു