ആലപ്പുഴ: കൊവിഡ്ബാധിതരുടെ എണ്ണം കൂടിയതോടെ ആലപ്പുഴ ജില്ലയിൽ നിയന്ത്രണങ്ങൾ ജില്ലാഭരണകൂടം കർശനമാക്കി ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ മൂന്ന് വാർഡുകൾ കണ്ടൈയിൻമെന്റ് സോണുകളാക്കി. ജില്ലയിൽ ആദ്യമായാണ് കണ്ടൈയിൻമെന്റ് സോൺ പ്രഖ്യാപിക്കുന്നത്.ഇരുപതുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 19 പേരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
കൂടുതൽ പോസ്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ചെങ്ങന്നൂർ താലൂക്കിലാണ് അതീവ ജാഗ്രത. പാണ്ടനാട് പഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതിനൊപ്പം ചെങ്ങന്നൂർ നഗരസഭയിലെ മൂന്നാം വാർഡും കണ്ടൈൻമെന്റ് സോണാക്കിയിട്ടുണ്ട്. ഇതോടൊപ്പം രോഗബാധിതർ കൂടുതലുള്ള മാവേലിക്കര താലൂക്കിലും നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കണ്ടൈയിൻമെന്റ് സോണുകളിൽ വാഹന ഗതാഗതം നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 8 മുതൽ 11 വരെ തുറക്കാം. പൊതുവിതരണകേന്ദ്രങ്ങൾക്ക് ഉച്ചയ്ക്ക് രണ്ട് വരെയും അനുവാദമുണ്ട്.മറ്റുകടകൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല.നാലുപേരിൽ കൂടുതൽ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും ഒരാൾ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.നിർദേശങ്ങൾ ലംഘിച്ചാൽ കർശന നിയമനടപടിയുണ്ടാകും.ഇത്തരക്കാരെ കണ്ടെത്താൻ പൊലീസ് നിരീക്ഷണവും ഉണ്ടാവും.