attack

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. വെഞ്ഞാറമൂട് തേമ്പാമൂട് ആനക്കുഴി സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 9 മണിയോടെ ആനക്കുഴി സ്കൂളിന് സമീപത്തായിരുന്നു സംഭവം. കാറിൽ യാത്രചെയ്യുകയായിരുന്ന ഫൈസലിനെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞ് കാറിന്റെ സൈഡ് ഗ്ളാസുകൾ വെട്ടിപ്പൊളിച്ചശേഷം കാറിനുള്ളിലിട്ട് വെട്ടുകയായിരുന്നു.

തലയ്ക്കും കഴുത്തിലും മുതുകിലും കൈകളിലും വെട്ടേറ്റ ഫൈസൽ തന്നെയാണ് ആത്മധൈര്യം കൈവിടാതെ കാറോടിച്ച് സമീപത്തെ ആശുപത്രിയിലെത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവിടെ നിന്ന് ഗോകുലം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇയാളെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ലോക്‌‌സഭാ തിരഞ്ഞെടുപ്പ് മുതൽ പ്രദേശത്ത് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് സി.ഐയുടെ ചുമതല വഹിക്കുന്ന വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.