chennithala-

തിരുവനന്തപുരം: ബെവ്‌ക്യൂ ആപ്പിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്. മദ്യത്തിന്‍റെ ടോക്കൺ നല്‍കുന്ന പണം ബെവ്കോയ്ക്ക് ലഭിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യം ഓണ്‍ലൈനായി വാങ്ങാന്‍ ബെവ് ക്യു ആപ്ലിക്കേഷനുണ്ടാക്കിയ കമ്പനിക്കാണ് പണം ലഭിക്കുക. ഇത് ബാറുകാരുമായുള്ള കരാറില്‍ വ്യക്തമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 50 പൈസ വീതമാണ് ഓരോ ടോക്കണും നല്‍കേണ്ടത്. കരാറിന്‍റെ പകര്‍പ്പും ചെന്നിത്തല പുറത്തുവിട്ടു.

ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള ബെവ്കോ ആപ്പ് ഇന്നോ നാളെയോ ഒഫീഷ്യൽ ലോഞ്ചിന് തയ്യാറായേക്കും എന്ന വാ‍ർത്തകൾക്കിടെ ഓൺലൈൻ മദ്യവിൽപനയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രം​ഗത്തെത്തിയിരിക്കുന്നത്. ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക് അമ്പത് പൈസ വീതം കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സ‍ർക്കാ‍ർ തലത്തിൽ നടപടികൾ പുരോ​ഗമിക്കുന്നതിനിടെയാണ് ആരോപണം കടുപ്പിച്ച് പ്രതിപക്ഷനേതാവ് രം​ഗത്തു വന്നിരിക്കുന്നത്. ബാറുടമകൾ സർക്കാറിന് നൽകിയ ധാരണപത്രം പുറത്തുവിട്ടാണ് ചെന്നിത്തലയുടെ ആക്ഷേം.

ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണും എസ്.എം.എസ് ചാ‍ർജ്ജ് അടക്കം അമ്പത് പൈസ വീതം കമ്പനിക്ക് നൽകുമെന്നാണ് ആരോപണം. എന്നാൽ എസ്.എം.എസ് നിരക്ക് അതാത് മൊബൈൽ കമ്പനികൾക്കാണ് നൽകുന്നതെന്നും ഫെയർ കോഡിന് ആപ്പ് നിർമ്മാണത്തിനുള്ള 2,84,203 രൂപയല്ലാതെ ഒരു പൈസ പോലും അധികം നൽകുന്നില്ലെന്നുമാണ് എക്സൈസ് വകുപ്പിൻ്റെ വിശദീകരണം.