കല്ലമ്പലം: നാവായിക്കുളം ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നാവായിക്കുളം പി.എച്ച്.സി അടച്ചു. ഇയാൾ ജീവനക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ആരോഗ്യ കേന്ദ്രത്തിൽ ഇയാളുമായി സഹകരിച്ച 21 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചതിനുശേഷം മാത്രമേ ഇവർ ജോലിയിൽ പ്രവേശിക്കുകയുള്ളൂ. പകരം ആളെത്തിയശേഷം പി.എച്ച്.സി തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി പറഞ്ഞു. ഫയർ ആൻഡ് സേഫ്റ്റി വിഭാഗം പി.എച്ച്.സിയും സമീപത്തെ പഞ്ചായത്തോഫീസും അണുവിമുക്തമാക്കി. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകൻ മടവൂർ പഞ്ചായത്തിൽ നിന്നുള്ള കൊവിഡ് രോഗിയെ മേയ് 20നാണ് ആംബുലൻസിൽ കൊണ്ടുപോയത്. 23ന് രാത്രി മുതൽ ഇദ്ദേഹം തൊണ്ട വേദനയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആദ്യ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 20 മുതൽ 23 വരെ ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഇവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പിനെ അറിയിച്ച് സാമ്പിൾ പരിശോധനയ്‌ക്ക് നൽകണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒമാനിൽ നിന്നെത്തിയ നാവായിക്കുളം ഇടപ്പണ സ്വദേശിയും ചികിത്സയിലാണ്.