china

ബീജിംഗ് : കഴിഞ്ഞ 9 ദിവസത്തിനിടെ ചൈനയിലെ വുഹാൻ നഗരത്തിൽ 6.5 ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തിയതായി ചൈന. കൊവിഡ് 19 ന്റെ ഉത്ഭവ കേന്ദ്രമായ വുഹാൻ നഗരത്തിൽ കൊവിഡ് വൈറസിന്റെ രണ്ടാം വരവ് തടയാനാണ് അധികൃതർ നഗരത്തിലെ എല്ലാവരെയും പരിശോധനകൾക്ക് വിധേയമാക്കിയത്. ഈ മാസം ആദ്യം വുഹാനിൽ ആറ് പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഈ നീക്കവുമായി മുന്നോട്ടെത്തിയത്.

മാസങ്ങൾ നീണ്ട ലോക്ക്ഡൗണിന് ശേഷം ഏപ്രിൽ മാസത്തിൽ തുറന്ന വുഹാൻ നഗരത്തിൽ പ്രാദേശികമായി രേഖപ്പെടുത്തുന്ന ആദ്യത്തെ കേസായിരുന്നു ഇത്. മേയ് 15 മുതൽ മേയ് 23 വരെ വുഹാനിലെ ഒമ്പത് ദശലക്ഷം പേരിൽ നിന്നും സ്രവ പരിശോധനാ സാമ്പിളുകൾ ശേഖരിച്ചു. ചൈനയുടെ ഔദ്യോഗിക മാദ്ധ്യമമായ സി.സി.ടി.വിയാണ് വാർത്ത പുറത്ത് വിട്ടത്. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് വഴിയാണ് സ്രവ പരിശോധനകൾ നടത്തുന്നത്.

ന്യൂക്ലിക് ആസിഡ് പരിശോധനകളിലൂടെ വൈറസിന്റെ ജെനറ്റിക് കോഡ് തിരിച്ചറിയാൻ സാധിക്കുന്നു. വൈറസ് ബാധ കണ്ടെത്താൻ വളരെ ഫലപ്രദമായ ഈ ടെസ്റ്റിലൂടെ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനാകും. ടെസ്റ്റിലൂടെ 198 പേർക്ക് വൈറസ് ബാധ കണ്ടെത്തിയതായാണ് വിവരം. ഇവരുടെ ശരീരത്തിൽ കൊറോണ വൈറസ് സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിലും ഇവർക്ക് യാതൊരുവിധ രോഗ ലക്ഷണങ്ങളുമില്ലായിരുന്നു.

പത്ത് ദിവസം കൊണ്ട് വുഹാൻ നഗരത്തിലെ മുഴുവൻ ജനങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ ചൈന സ്വീകരിച്ച നടപടി വൈറസ് പരിശോധനയിൽ മുൻപന്തിയിൽ നില്ക്കുന്ന രാജ്യങ്ങൾക്ക് പോലും മാതൃകയായെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വുഹാനിൽ 1.47 ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ നടന്നതായാണ് സിസിടിവിയുടെ റിപ്പോർട്ട്.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടക്കുന്ന അമേരിക്കയിൽ ഒരു ദിവസം രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 4,16,183 ആണ്. ഇതേവരെ 14,131,277 കൊവിഡ് ടെസ്റ്റുകളാണ് ഇതേവരെ യു.എസിൽ നടന്നതെന്നാണ് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നത്. ആന്റി ബോഡി ടെസ്റ്റുകളുൾപ്പെടെയാണിത്. വുഹാനിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ച ടെസ്റ്റിംഗ് ബൂത്തുകളിൽ ഫേസ്മാസ്കുകൾ ധരിച്ചാണ് ആളുകൾ സ്രവ പരിശോധനയ്ക്കെത്തിയത്. ശനിയാഴ്ച മാത്രം 231 ടെസ്റ്റിംഗ് ബൂത്തുകൾ നഗരത്തിൽ സ്ഥാപിച്ചതായും ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. ബൂത്തുകളിൽ എത്താൻ സാധിക്കാത്ത വൃദ്ധർക്കും ഭിന്ന ശേഷിയുവർക്കും വീടുകളിലെത്തിയാണ് ആരോഗ്യ പ്രവർത്തകർ സ്രവ പരിശോധന നടത്തിയത്.