covids-19

മുംബയ്: കൊവിഡ് വ്യാപനം പിടിച്ചുനിർത്തുന്നതില്‍ പരാജയപ്പെട്ട മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പിക്ക് മറുപടിയുമായി ശിവസേന. ബി.ജെ.പി നേതാവ് നാരായണ്‍ റാണെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഗുജറാത്താണ് കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോശം പ്രകടനം കാഴ്ചവെച്ചതെന്നും, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് അവിടെയാണെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തെ നിരീക്ഷണത്തിൽ വിടണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി. രാജ്യസഭാംഗമായ നാരായണ്‍ റാണെ കഴിഞ്ഞ തിങ്കളാഴ്ച ഗവര്‍ണര്‍ ബി.എസ് കോഷിയാരിയെ സന്ദര്‍ശിച്ച വേളയിലാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു റാവത്ത്. മഹാരാഷ്ട്രയിൽ സഖ്യകക്ഷി സര്‍ക്കാരിനകത്ത് അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന അഭ്യൂഹങ്ങളെയും റാവത്ത് നിഷേധിച്ചു. സര്‍ക്കാരിനെ താഴെയിറക്കാനുള്ള മാര്‍ഗമൊന്നും ഇതുവരെ പ്രതിപക്ഷത്തിന് കണ്ടെത്താനായില്ലെന്നും റാവത്ത് പറഞ്ഞു.