തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ ജില്ലയിലെ സ്കൂളുകളിൽ ആരംഭിച്ചത് കർശന സുരക്ഷാ മുൻകരുതലുകളോടെ. 270 സ്കൂളുകളിലായി 35,435 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷയെഴുതുന്നത്. ആരോഗ്യനിർദ്ദേശങ്ങൾ പാലിച്ച് വിപുലമായ സൗകര്യങ്ങളാണ് സ്കൂളുകൾ ഒരുക്കിയത്. രജിസ്റ്റർ ചെയ്തവരിൽ 99 ശതമാനം വിദ്യാർത്ഥികളും പരീക്ഷയ്ക്കെത്തി. ആദ്യദിനത്തിൽ കാര്യമായ പരാതികളൊന്നും ഉയർന്നില്ല. ഹയർസെക്കൻഡറി പരീക്ഷകൾ ഇന്നാണ് ആരംഭിക്കുക. വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്ക് ശേഷവുമാണ് നടന്നത്. പരീക്ഷകൾക്ക് ശേഷം ക്ലാസ് റൂമുകൾ അണുവിമുക്തമാക്കി.
സാനിറ്റൈസർ നൽകി സ്വീകരണം
തെർമൽ സ്കാനിംഗിന് ശേഷം വിദ്യാർഥികൾക്ക് ഗേറ്റിൽനിന്നുതന്നെ സാനിറ്റൈസർ നൽകിയാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. മാസ്ക് ഇല്ലാത്തവർക്ക് അതും നൽകി. അദ്ധ്യാപകർ കെെയുറകൾ ഉപയോഗിച്ചു. ഹാജർ ഷീറ്റിൽ കുട്ടികൾ ഒപ്പിട്ടില്ല,പകരം അദ്ധ്യാപകർ കുട്ടികളുടെ ഹാജർ അവരുടെ ഷീറ്റിൽ രേഖപ്പെടുത്തി. അധിക ഉത്തരക്കടലാസിലും ഹാൾ ടിക്കറ്റിലും ഇൻവിജിലേറ്റർമാർ ഒപ്പിട്ടില്ല. പേന,പെൻസിലുമടക്കം ഒരു വസ്തുവും കെെമാറാൻ അനുവദിച്ചില്ല.ക്വാറന്റൈനിൽ നിന്നു വന്നവർക്കും അസ്വസ്ഥതകൾ ഉള്ളവർക്കും പ്രത്യേകം മുറികൾ അനുവദിച്ചിരുന്നു.
സാമൂഹിക അകലം പൂർണമായും പാലിക്കപ്പെട്ടില്ല
മുൻകരുതലുകൾ കർശനമാക്കിയപ്പോഴും ചില സ്കൂളുകളിലും സാമൂഹിക അകലം താളം തെറ്റി.വിദ്യാർത്ഥികൾ ഏറെ നാൾ കാണാതിരുന്നതിന്റെ സൗഹൃദം പങ്കിട്ടതും കുശലം പറഞ്ഞതും അദ്ധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ബുദ്ധിമുട്ടായി. തെർമൽ സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിദ്യാർത്ഥികൾ കൂട്ടമായാണ് വിധേയരായത്. കുട്ടികളുടെ ആധിക്യം നിയന്ത്രണങ്ങളും തെറ്റിച്ചു.ഭൂരിപക്ഷം വിദ്യാർത്ഥികളും അരമണിക്കൂർ മുൻപു തന്നെ സ്കൂളുകളിലെത്തി. കൊവിഡ് വ്യാപന സാഹചര്യത്തിൽ കുട്ടികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കാനാകുമോയെന്ന പ്രതിപക്ഷം ഉൾപ്പെടെ ഉയർത്തിയ ആശങ്ക നിലനിൽക്കെയാണ് ഇന്നലത്തെ പരീക്ഷകൾ കടന്നുപോയത്.
ഇറങ്ങിയ പാടെ കൂട്ടയിടി
4.30ന് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പാടെ കണ്ടത് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തിയ തിരക്കായിരുന്നു. രക്ഷിതാക്കളും കുട്ടികളും മടങ്ങാൻ തിരക്കു കൂട്ടിയത് റോഡുകളിൽ ഗതാഗതം തടസപ്പെടുത്തി. തിരക്ക് വർദ്ധിച്ചതോടെ പൊലീസിന്റെ നിയന്ത്രണങ്ങളും പാളി. പിന്നെ ഏറെ പണിപ്പെട്ടായിരുന്നു തിരക്ക് നിയന്ത്രിച്ചത്.
നെയ്യാറ്റിൻകരയിലെ വിവിധ സ്‌കൂളുകളിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ പോസ്റ്റോഫീസിൽ സ്വീകരിച്ചില്ല. രണ്ടു മണിക്കൂറിന് ശേഷം എം.എൽ.എ സ്ഥലത്തെത്തി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇവ ഏറ്റുവാങ്ങിയത്. അതുവരെ അദ്ധ്യാപകർ കാത്തുനിൽക്കേണ്ടിവന്നു. ഉത്തരക്കടലാസുകളെത്തിക്കാൻ വൈകിപ്പോയതിനെ തുടർന്നാണ് സ്വീകരിക്കാനാകാത്തതെന്നാണ് വിശദീകരണം.
സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിച്ചിരുന്നു.സർക്കാരിന്റെയും സംഘടനകളുടെയും എല്ലാവിധ പിന്തുണയുമുണ്ടായിരുന്നു.സാമൂഹിക അകലം ചെറിയൊരു വെല്ലുവിളിയായിരുന്നെങ്കിലും വലിയൊരു പ്രശ്നമായില്ല.പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ തിരക്ക് കൂടിയത് പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു.
-രാജശ്രീ, ഹെഡ്മിസ്ട്രസ് ഗവൺമെന്റ് ഹയർസെക്കൻഡറി
സ്കൂൾ ഫോർ ഗേൾസ് കോട്ടൺഹിൽ