തിരുവനന്തപുരം: കൊവിഡ് കാലത്ത് ഗർഭിണികൾക്ക് പ്രത്യേക കരുതലുമായി വനിതാ ശിശുവികസന വകുപ്പ്. വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച ‘കൂടെയുണ്ട് അംഗൻവാടികൾ' പദ്ധതിവഴിയാണ് ഗർഭിണികളുടെ ക്ഷേമം ഉറപ്പാക്കുന്നത്. മൊബൈൽ ഫോണിലൂടെയുള്ള സാമൂഹ്യാധിഷ്‌ഠിത ബോധവൽക്കരണമാണ് നൽകുന്നത്.
‘ഗർഭകാലവും കൊറോണയും' വിഷയം അടിസ്ഥാനമാക്കി ഗർഭിണികളുടെ ക്ഷേമം അന്വേഷിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യും. ഗുണഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആവശ്യമായ പിന്തുണ നൽകുക, ചർച്ചകളിലൂടെ ആകുലതകൾ പരിഹരിക്കുക, ഗുണഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക, സേവനങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. ആരോഗ്യമന്ത്രി കെ കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്തു.