ശരീരത്തിന് മുരിങ്ങയിലയും മുരിങ്ങക്കായുമൊക്കെ നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഏറെയാണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇത്തരം ഇല ഉപയോഗിച്ച് ഒരു ചായ കുടിച്ചാലോ? അത് എത്രത്തോളം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതെ, മുരിങ്ങ ചായയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മുരിങ്ങയില പൊടിച്ചെടുത്ത് തയാറാക്കുന്ന ഈ ചായ നിങ്ങളുടെ ശരീരത്തിലെ പല രോഗാവസ്ഥകളോടും പോരാടുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാചകരീതികളിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ് മുരിങ്ങ. മുരിങ്ങ ഒരു സൂപ്പർ ഫുഡാണ്. ഈ ഫുഡിൽ കണ്ടെത്തിയ ഒരു മികച്ച പാനീയമാണ് മുരിങ്ങ ടീ. പല പാശ്ചാത്യ രാജ്യങ്ങളിലും മുരിങ്ങയുടെ ഇലകളിൽ നിന്ന് തയ്യാറാക്കിയ ചായ പ്രസിദ്ധമാണ്. മാത്രമല്ല ഈ പാനീയം മറ്റു ഹെർബൽ ടീകൾ നൽകുന്നതുപോലെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ടെന്നും പറയപ്പെടുന്നു. മുരിങ്ങ ചായ നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
കൊഴുപ്പ് കുറയ്ക്കുന്നു
മുരിങ്ങയിൽ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരം സംഭരിച്ചുവയ്ക്കുന്ന കൊഴുപ്പ് നീക്കാൻ ഇത് സഹായിക്കുന്നു. മുരിങ്ങ ചായയിൽ പോളിഫെനോൾ അല്ലെങ്കിൽ സസ്യ സംയുക്തങ്ങളായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മുരിങ്ങ ചായക്ക് ശരീരഭാരം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് നുട്രീഷ്യനിസ്റ്റുകൾ തന്നെ ശരിവയ്ക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
മുരിങ്ങ ഇലകളിൽ നിന്നും തയ്യാറാക്കുന്ന മുരിങ്ങ ടീ രക്തസമ്മർദ്ദ നിയന്ത്രണത്തിനും സഹായിക്കും. രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് പറയപ്പെടുന്ന ക്വെർസെറ്റിന്റെ സാന്നിധ്യം മുരിങ്ങയിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളും, ബി.പി രോഗികൾക്ക് വീക്കം നേരിടാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു. മുരിങ്ങ ഇലകൾ പ്രമേഹ രോഗികളെ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ ആന്റിഓക്‌സിഡന്റ് ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ സിയും മുരിങ്ങ ചായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മുരിങ്ങ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതുവഴി ഹൃദ്രോഗികളെ സുഖപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാൽ കൊളസ്‌ട്രോളുമായി മല്ലിടുന്നവർക്ക് ഉത്തമമാണ് മുരിങ്ങ ചായ. സൗന്ദര്യ ഗുണങ്ങൾ ശരീരത്തിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്‌ക്കെതിരെ പോരാടുന്നതിലൂടെ ചർമ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ മുരിങ്ങ ചായ സഹായിക്കുന്നു. മുരിങ്ങയുടെ ശക്തമായ ആന്റിഓക്‌സിഡന്റ് കഴിവുകൾ ഇതിന് ഗുണം ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകൾ വിഷവസ്തുക്കളെ അകറ്റി നിർത്താനും ചർമ്മത്തെ പ്രശ്‌നങ്ങളെ കുറക്കാനും മുരിങ്ങ ചായ സഹായിക്കുന്നു.
മുരിങ്ങ പൊടി ഇപ്പോൾ ഓൺലൈനിലും കടകളിലും വ്യാപകമായി ലഭ്യമാണ്. എങ്കിലും നിങ്ങൾക്കിത് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാവുന്നതാണ്. ചെയ്യേണ്ടത് മുരിങ്ങ ഇലകൾ പറിച്ച് കഴുകി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി നിങ്ങൾക്ക് ചായയുണ്ടാക്കാൻ ഉപയോഗിക്കാം. തിളക്കുന്ന വെള്ളത്തിൽ ആവശ്യത്തിന് മുരിങ്ങ പൊടി ചേർത്ത് അല്‍പനേരം വയ്ക്കുക. അതിനു ശേഷം ഈ വെള്ളം അരിച്ചെടുത്ത് നിങ്ങൾക്ക് ഉപയോഗിക്കാം. മധുരത്തിനായി പഞ്ചസാരയോ തേനോ ചേർക്കാവുന്നതാണ്. രുചി വർദ്ധിപ്പിക്കാനായി ഇഞ്ചിക്കഷ്ണമോ നാരങ്ങാ നീരോ ആവശ്യാനുസരണം ചേർക്കാം. എന്തെങ്കിലും വിട്ടുമാറാത്ത രോഗാവസ്ഥകളുണ്ടെങ്കിൽ, ഈ ചായ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യനെയോ അല്ലെങ്കിൽ ഡോക്ടറെയോ സമീപിക്കുക.