xiao-bao

ബീജിംഗ് : പണ്ട് ജപ്പാനിൽ യജമാനൻ മരിച്ചതറിയാതെ തുടർച്ചയായ ഒമ്പത് വർഷം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ഹാച്ചികോ എന്ന നായയെ പറ്റി കേട്ടിട്ടില്ലേ. ഹാച്ചിക്കോയെ അനുസ്മരിപ്പിക്കുന്ന നിരവധി നായകളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഈ കൊവിഡ് കാലത്തിനും അത്തരം ഒരു കഥ പറയാനുണ്ട്. അങ്ങ് ചൈനയിൽ, കൊവിഡ് 19 ഉത്ഭവിച്ച വുഹാൻ നഗരത്തിലാണ് സംഭവം. ഇവിടെ കഥാനായകൻ ഷിയോബാവോ എന്ന നായയാണ്.

തന്റെ പ്രിയപ്പെട്ട യജമാനൻ മരിച്ചതറിയാതെ ആശുപത്രി വരാന്തയിൽ എന്നും ഈ നായ കാത്തു നില്ക്കുമായിരുന്നു. ഒന്നും രണ്ടും ദിവസമല്ല, മൂന്ന് മാസമായി ആ നില്പ് തുടങ്ങിയിട്ട്. വുഹാനിലെ തൈക്കാംഗ് ആശുപത്രിയിൽ നിന്നുള്ള കാഴ്ചയായിരുന്നു അത്. ഫെബ്രുവരിയിൽ കടുത്ത ന്യുമോണിയയോടെ അഡ്മിറ്റ് ചെയ്ത ഈ നായയുടെ ഉടമയായ വൃദ്ധൻ അഞ്ചാം ദിവസം മരണത്തിന് കീഴടങ്ങി. യജമാനനൊപ്പം ആശുപത്രിയിൽ വന്ന നില്പാണ്. അയാൾ മരിച്ച വിവരം ഷിയോബാവോ അറിഞ്ഞിട്ടില്ല. ആശുപത്രി ലോബിയിൽ മൂന്ന് മാസമായി യജമാനന്റെ വരവും കാത്ത് നില്ക്കുകയായിരുന്നു ഏഴ് വയസുകാരനായ ഈ നായ. ആശുപത്രിയിൽ നിന്നും പുറത്തേക്ക് വരുന്നവരുടെ കൂട്ടത്തിൽ തന്റെ യജമാനനുണ്ടോ എന്ന് ഈ നായ നോക്കും. ഇല്ലെന്ന് കാണുമ്പോൾ വാടിയ മുഖവുമായി ഒരു വശത്ത് ഒതുങ്ങി ഇരിക്കും. ആർക്കും ഒരു ശല്യവുമില്ല. ആശുപത്രി ജീവനക്കാരും രോഗികളുമെല്ലാം നൽകുന്ന ഭക്ഷണമായിരുന്നു ഷിയോബാവോയുടെ ആഹാരം. അങ്ങനെയിരിക്കെ ഷിയോബാവോ ആശുപത്രിയോട് ചേർന്ന് ഒരു ചെറിയ സൂപ്പർമാർക്കറ്റ് നടത്തുന്ന വു ക്യൂഫൻ എന്ന സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടു. ആദ്യമൊക്കെ ആശുപത്രിയിൽ നിന്നും ഓടിച്ചുവിടാൻ നോക്കുമായിരുന്നെങ്കിലും ഷിയോബാവോ അതിന് വഴങ്ങിയിരുന്നില്ലെന്ന് വു ക്യൂഫൻ പറയുന്നു.

ഒടുവിൽ ഏപ്രിൽ 13ന് വുഹാനിൽ ലോക്ക് ഡൗൺ പിൻവലിച്ച് സൂപ്പർമാർക്കറ്റ് തുറന്നതോടെയാണ് വു ക്യൂഫൻ ഷിയോബാവോയെ തന്റെ കൂടെ കൂട്ടി. ചെറിയ നിധി എന്ന് അർത്ഥം വരുന്ന ' ഷിയോബാവോ ' എന്ന പേര് നായയ്ക്ക് നൽകിയത് വു ക്യൂഫൻ ആണ്. ആശുപത്രി സ്ഥിതി ചെയ്യുന്ന ബിൽഡിംഗിന്റെ താഴത്തെ നിലയിലാണ് വു ക്യൂഫന്റെ സൂപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. എന്നും വു ക്യൂഫൻ സൂപ്പർമാർക്കറ്റ് തുറക്കാനെത്തുമ്പോൾ ഒരു കാവൽക്കാരനെ പോലെ മുന്നിൽ ഷിയോബാവോ ഉണ്ടാകും. പക്ഷേ, ആശുപത്രിയിലേക്ക് നോക്കിയുള്ള ആ കാത്തിരിപ്പ് അവസാനിച്ചില്ല. ഒടുവിൽ അടുത്തിടെ ചില രോഗികൾ ആശുപത്രി വളപ്പിൽ നായ ചുറ്റിക്കറങ്ങുന്നതിനെതിരെ അധികൃതർക്ക് പരാതി നൽകി. ആശുപത്രിയിലെ നഴ്സുമാർ വുഹാനിലെ സ്മോൾ ആനിമൽ പ്രൊട്ടക്ഷൻ അസോസിയേഷനെ വിവരമറിയിക്കുകയും അവരെത്തി ഷിയോബാവോയെ ഏറ്റെടുക്കുകയും ചെയ്തു. ഷിയോബാവോയെ നോക്കാൻ താത്പര്യമറിയിച്ച് നിരവധി പേർ സംഘടനയെ സമീപിച്ചിട്ടുണ്ട്. ഉടൻ തന്നെ ഷിയോബാവോയ്ക്ക് ആരെങ്കിലും ഏറ്റെടുക്കുെമെന്നാണ് പ്രതീക്ഷ.