malappuram

മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛൻ രാജനെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവവും സാക്ഷികൾ കൂറുമാറിയതിനാലുമാണ് രാജനെ കോടതി വെറുതെവിട്ടത്. പെൺകുട്ടിയുടെ അമ്മയും സഹോദരനുമടക്കമുള്ള എല്ലാ പ്രധാന സാക്ഷികളും കോടതിയിൽ കൂറുമാറി.


2018 മാർച്ചിലായിരുന്നു സംഭവം. മറ്റൊരു ജാതിക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിച്ച മകളെ രാജൻ വിവാഹത്തലേന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു. ഈ യുവാവുമായി ആതിര അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ രാജൻ മകളുമായി തർക്കത്തിലാവുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. ഇതറിഞ്ഞ് പ്രശ്നത്തിൽ ബന്ധുക്കളും പൊലീസും ഇടപെട്ട് പരിഹരിക്കുകയും യുവാവുമായുള്ള പെൺകുട്ടിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.

മാർച്ച് 23 നായിരുന്ന വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ 22 ന് മദ്യപിച്ചെത്തിയ രാജൻ മകളുടെ വിവാഹ വസ്ത്രമടക്കം കത്തിക്കുകയും ബഹളത്തിനിടെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.