വർക്കല: നെല്ലറകളുടെ നാടെന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ചെമ്മരുതിയിലെ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുളള കർമ്മ പദ്ധതികൾ ഗ്രാമപഞ്ചായത്ത് തുടരുന്നു. ഇതിന്റെ ഭാഗമായി കൊവിഡ് പ്രതിസന്ധിക്കിടയിലും ചെമ്മരുതി ബ്രാൻഡ് കുത്തരി ജൂണിൽ വിപണിയിലെത്തിക്കാനുളള തീവ്ര ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. നെൽകർഷകരെ സഹായിക്കാൻ നെല്ല് ന്യായവിലയ്ക്ക് കുടുംബശ്രീ വാങ്ങി മായം ചേരാത്ത കുത്തരിയാക്കി ജനങ്ങൾക്ക് ലഭ്യമാക്കും. കുടുംബശ്രീ വഴി 5, 10, 40, 50 കിലോ പായ്ക്കറ്റുകളിലായി ഇത്തവണ വിപണനം നടത്താനാണ് തീരുമാനം. വിപണിവില തീരുമാനിച്ചിട്ടില്ല. ഉമ, ഭാഗ്യ, ശ്രേയസ് എന്നീ മേൽത്തരം നെൽവിത്തുകളാണ് കർഷകർക്ക് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ച 452 ടൺ നെല്ല് 28.50 രൂപ നിരക്കിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന് വിറ്റിരുന്നു. ഇത്തവണ വിപുലമായ കൃഷിയാണ് നടത്തിയത്. സുഭിക്ഷ കേരളം, ജീവനി പദ്ധതികൾക്ക് ഊന്നൽ നൽകി കൊണ്ട് 16 ഹെക്ടറിൽ പച്ചക്കറിയും മറ്റ് ഇടവിള കൃഷികളും ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2000 വീടുകളിൽ അടുക്കളത്തോട്ടവും, 2000 വീടുകളിൽ ഇടവിളകൃഷിയും, 200 വീടുകളിൽ വാഴകൃഷിയും, 500 വീടുകളിൽ ഗ്രോബാഗിൽ പച്ചക്കറി കൃഷിയും, 200 വീടുകളിൽ ഫലവൃക്ഷത്തൈയും, 1100 വീടുകളിൽ മുട്ടക്കോഴി വളർത്തലും, 20 കേന്ദ്രങ്ങളിൽ മത്സ്യകൃഷിയും, 25 വീടുകളിൽ ആടുവളർത്തൽ പദ്ധതിയും, 12 ലക്ഷം രൂപയുടെ ക്ഷീര സമൃദ്ധി പദ്ധതിയും നടപ്പിലാക്കും. കർഷകർക്ക് ആവശ്യമായ കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുളള അഗ്രോ സർവീസ് സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഗ്രൂപ്പിന് സാമ്പത്തിക സഹായം
കൃഷി ചെയ്യുന്ന മൂന്ന് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പഞ്ചായത്ത് സാമ്പത്തിക സഹായം നൽകും. ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് പഞ്ചായത്ത് തന്നെ വിപണി കണ്ടെത്തും. ഒരു ഹെക്ടർ കൃഷി ഇറക്കുന്ന ഗ്രൂപ്പിന് പച്ചക്കറി കൃഷി - 40000, മരച്ചീനി - 30000, ഇടവിള കൃഷി - 30000, പയർ വർഗം - 30000, നെൽകൃഷി - 40000 രൂപ എന്നിങ്ങനെയാണ് പഞ്ചായത്ത് തുക നൽകുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു.
കൃഷി ചെയ്യുന്ന പാടശേഖരങ്ങൾ
പനയറ, ചെമ്മരുതി, മുത്താന, മുട്ടപ്പലം, കോവൂർ, പ്രാലേയ ഗിരി, കുട്ടപ്പുര
പണ്ട് നെൽകൃഷി ചെയ്തിരുന്നത് -126 ഹെക്ടറിൽ
കഴിഞ്ഞ വർഷം -80 ഹെക്ടറിൽ
ഈ വർഷം ലക്ഷ്യം - 110 ഹെക്ടർ
കഴിഞ്ഞ വർഷം ലഭിച്ചത് - 452 ടൺ നെല്ല്
ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്വയം പര്യാപ്തതയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കർമ്മ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളത്. പരമ്പരാഗത കൃഷി രീതികൾ അവംലബിക്കുന്നതോടൊപ്പം യുവാക്കളെ കാർഷിക രംഗത്ത് കൊണ്ടുവരുന്നതിനും പദ്ധതിയുണ്ട്.
എ.എച്ച്. സലിം, പ്രസിഡന്റ്
ചെമ്മരുതി, ഗ്രാമപഞ്ചായത്ത്