ബാലരാമപുരം: സനൽക്കുമാറിന്റെ കൊച്ചുകുടുംബത്തിന് സ്വപ്നങ്ങളേറെയാണ് പക്ഷേ തല ചായ്ക്കാനുള്ള വീടിന് സ്വപ്നങ്ങളുടെ അത്ര ശക്തിയില്ല. ശക്തമായ ഒരു കാറ്റിലോ മഴയിലോ ഏത് നിമിഷവും തകർന്ന് വീഴാവുന്ന കൂരയ്ക്ക് കീഴിലാണ് അന്തിയൂർ തെങ്ങുവിള വീട്ടിൽ സനൽകുമാറും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ വീടിന്റെ സ്ഥിതി കൂടുതൽ അവതാളത്തിലാക്കി. കൂലിവേലക്കാരനായ സനലിന് ലോക്ക് ഡൗണോട് കൂടി വരുമാനം നഷ്ടമായി. സനലിന്റെ അമ്മ സുശീല, നെയ്ത് തൊഴിലാളിയായ ഭാര്യ രേഖ, മക്കളായ നന്ദന, നയന എന്നിവരടങ്ങിയതാണ് സനൽക്കുമാറിന്റെ കുടുംബം. അഞ്ചാം ക്ളാസുകാരിയായ നന്ദനയുടെയും രണ്ടാം ക്ളാസുകാരിയായ നയനയുടെയും വലിയൊരാഗ്രഹമാണ് ചോർന്നൊലിക്കാത്ത കൂരയ്ക്ക് കീഴിൽ നനവ് തട്ടാത്ത പുസ്തകങ്ങളും ബുക്കുകളും ഉപയോഗിച്ച് പഠിക്കണമെന്ന്. കാലുകൾക്ക് വൈകല്യമുള്ളതിനാൽ സനൽക്കുമാറിന് ദിവസവും ജോലിക്ക് പോകാൻ കഴിയാറില്ല. ഭാര്യ രേഖയ്ക്ക് നെയ്ത് തൊഴിലിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. ലോക്ക് ഡൗണിൽ രണ്ട് പേർക്കും വരുമാനമില്ലാതായതോടെ ആശ്രയമറ്റ് ദിവസങ്ങൾ തള്ളി നീക്കുകയാണ് ഈ നിർദ്ധന കുടുംബം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കാൻ ബാലരാമപുരം പഞ്ചായത്തിൽ അപേക്ഷ നൽകാൻ തുടങ്ങിയിട്ട് നാല് വർഷത്തോളമായി. എന്നിട്ടും അധികൃതർ ആരും തിരിഞ്ഞ് നോക്കാത്തത് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വീടിന്റെ ശോചനീയാവസ്ഥയും കുടുംബത്തിന്റെ ദൈന്യതയും ചൂണ്ടിക്കാട്ടി 2018ൽ കളക്ടർക്ക് പരാതി നൽകിയെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. 2018ലെയും 2019ലെയും കനത്ത കാലവർഷത്തെ ആവുന്ന രീതിയിൽ പ്രതിരോധിച്ച ഷീറ്റും ടാർപോളിനും ഇട്ട ഈ വീട് ഇനിയൊരു കാലവർഷം താങ്ങുമോ എന്ന പേടിയിലാണ് സനൽകുമാറും കുടുംബവും.