കാർഡിഫ് : കൊവിഡ് ലോക്ക് ഡൗൺ മനുഷ്യരെ പോലെ തന്നെ മൃഗങ്ങളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മൃഗശാലകളിൽ ജീവിക്കുന്ന മൃഗങ്ങൾക്ക് ശരിക്കും ആഹാരം പോലും നൽകാനാകാത്ത അവസ്ഥയാണ് പല രാജ്യങ്ങളിലും. തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നതോടെ മൃഗങ്ങളെ ദയാവധം ചെയ്യാനൊരുങ്ങുകയാണ് വെയ്ൽസിലെ ബോർത്ത് വൈൽഡ് ആനിമൽ കിംഗ്ഡം എന്ന മൃഗശാല. ഭക്ഷണം കിട്ടാതെ ഈ മിണ്ടാപ്രാണികൾ മരിക്കുന്നതിനെക്കാൾ നല്ലത് ദയാവധമാണെന്നും അതൊഴിവാക്കാൻ തങ്ങളെ സഹായിക്കണമെന്നുമാണ് മൃഗശാലാ അധികൃതരുടെ അഭ്യർത്ഥന.
മൃഗങ്ങൾക്ക് കഷ്ടിച്ച് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം നൽകാൻ മാത്രമുള്ള പണമേ ഇപ്പോൾ മൃഗശാല ഉടമസ്ഥരുടെ കൈയ്യിലുള്ളു. മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയാണ് തങ്ങളുടെ നിസഹായത അറിയിച്ചു കൊണ്ട് മൃഗശാല അധികൃതർ രംഗത്തെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രതീക്ഷകളെല്ലാം നശിച്ചാൽ മൃഗശാലയിലെ മൃഗങ്ങളെ മറ്റെവിടേക്കെങ്കിലുമോ കാട്ടിലേക്കോ പുനരധിവസിപ്പിക്കാൻ നോക്കുമെന്നും അതിനു സാധിച്ചില്ലെങ്കിൽ അവയെ ദയാവധത്തിന് വിധേയമാക്കാതെ മറ്റ് മാർഗങ്ങളില്ലെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. 300ലേറെ മൃഗങ്ങളാണ് ഇപ്പോൾ ഈ മൃഗശാലയിലുള്ളത്.