pic

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ ഭരണത്തിലും നയരൂപീകരണത്തിലും കോണ്‍ഗ്രസിന് നിര്‍ണായക സ്ഥാനമില്ലെന്നും പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അതേസമയം മഹാവികാസ് അഘാഡി സഖ്യത്തില്‍ കോണ്‍ഗ്രസിന് മന്ത്രിമാരുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി മുംബയ് നഗരത്തിന് ബന്ധമുള്ളതിനാലാണ് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധം മികച്ചതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സര്‍ക്കാരിലെ പ്രധാന സഖ്യകക്ഷിയായ എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഗവര്‍ണറെ കണ്ടതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. പിന്നീട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ശരദ് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട മഹാരാഷ്ട്ര സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ശക്തമാണെന്നും ബി.ജെ.പി അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.