ദുബായ്: നാളെ മുതൽ ദുബായിൽ വാണിജ്യവ്യാപാര പ്രവർത്തനങ്ങൾ പടിപടിയായി പുനരാരംഭിക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അറിയിച്ചു. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മേയ് 27 മുതൽ രാവിലെ 6 മുതൽ രാത്രി 11 വരെ കട കമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കും.
രാജ്യത്തെ ടൂറിസം മേഖലക്ക് പുതുജീവൻ നൽകുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ, ജിമ്മുകൾ, ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെല്ലാം മാർഗ്നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ട് സിനിമാശാലകളും വരും ദിവസങ്ങളിൽ തുറക്കും.
അബുദാബിയിൽ കൊവിഡിനെ തുടർന്ന് നേരത്തെ അടച്ചിട്ടിരുന്ന ഹോട്ടലുകൾ, ബീച്ചുകൾ , ബാറുകൾ, റസ്റ്റോറന്റുകൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിപ്പിക്കുന്നതിന് പുതിയ മാർഗ നിർദ്ദേശങ്ങൾ അബുദാബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കി. എന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്നത് മാർഗ്ഗരേഖ പറയുന്നില്ല ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ..