kseb
kseb

തിരുവനന്തപുരം: വൈദ്യുതി ബിൽ കണക്കാക്കിയതിലെ പിഴവ് കാരണം ഉയർന്ന തുകയ്ക്ക് ബിൽ കിട്ടിയവരുടെ പരാതികൾ പരിഹരിച്ചു കഴിഞ്ഞതായി കെ.എസ്.ഇ.ബി അവകാശപ്പെട്ടു.എന്നാൽ, പരാതിയുമായി ചെല്ലുമ്പോൾ സാങ്കേതിക ന്യായീകരണങ്ങൾ നിരത്തി മുഴുവൻ തുകയും അടയ്ക്കാൻ നിർബന്ധിക്കുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഇത്തരം പരാതികളിൽ കഴമ്പില്ലെന്നും ,മീറ്റർ കേടായെന്ന് പരാതിപ്പെട്ടവർ ഉൾപ്പെടെയുള്ളവരുടെ വീടുകളിലെത്തി പരിശോധിച്ചപ്പോൾ ഒരു കേടുമില്ലെന്ന് കണ്ടെത്തിയെന്നും വൈദ്യുത ബോർഡ് അധികൃതർ അറിയിച്ചു. രണ്ടു മാസം കൊണ്ട് 240 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്. ശ്രദ്ധയോടെ നിയന്ത്രിച്ച് ഉപയോഗിക്കാതെ, ഉപയോഗം 240 യൂണിറ്റ് കടന്നാൽ സബ്സിഡിക്ക് പുറത്താവുകയും ബിൽ തുക കൂടുകയും ചെയ്യും.ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ഉപയോഗത്തിൽ വലിയ കുതിച്ചു ചാട്ടമുണ്ടായതാണ് മിക്കവരുടേയും ബിൽ തുക ഉയരാൻ കാരണമെന്നാണ് ,പരാതികളെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ ചെയർമാന് നൽകിയ റിപ്പോർട്ട്.ലോക്ക് ഡൗണിനു മുൻപ് ഇടത്തരം വീടുകളിൽ ടി.വി പ്രവർത്തിപ്പിച്ചിരുന്നത് നാലോ അഞ്ചോ മണിക്കൂറായിരുന്നെങ്കിൽ, ഇപ്പോഴത് 15 മണിക്കൂറോളമായി. ടി.വി കാണുമ്പോൾ ഒരു ലൈറ്റും ഫാനും നിർബന്ധം. ഈ രീതിയിൽ അഞ്ച് മണിക്കൂർ ഉപയോഗിച്ചാൽ ഒരു യൂണിറ്റ് വൈദ്യുതിയാകും. ടി.വി കാണുന്നതിന് മാത്രം ദിവസം കുറഞ്ഞത് രണ്ടു യൂണിറ്റ് കറണ്ടാവും ..കിടപ്പുമുറിയിൽ ഒരു ഫാൻ 8 മണിക്കൂർ പ്രവർത്തിക്കുമ്പോൾ അര യൂണിറ്റായി. അങ്ങനെ രണ്ടു കിടപ്പു മുറി ഉപയോഗിക്കുമ്പോൾ ഫാനിനു മാത്രം ഒരു യൂണിറ്റ് ചെലവാകും.

''സെക്ഷൻ ഓഫീസുകളിൽ കിട്ടിയ പരാതികളിൽ കഴമ്പുള്ളവയെല്ലാം പരിഹരിച്ചു . ഇനിയും ശേഷിക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കും. ഏതെങ്കിലും ഉദ്യോഗസ്ഥർ അതിനു തയ്യാറാകുന്നില്ലെങ്കിൽ എന്നെ അറിയിച്ചാൽ മതി''

- എൻ.എസ്.പിള്ള,​

ചെയർമാൻ,​ കെ.എസ്.ഇ.ബി