ജനീവ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കൊവിഡ് വ്യാപനം ഉയരുമെന്ന് ലോകാരോഗ്യ സംഘടന. രണ്ടാമതും രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘനടന മുന്നറിയിപ്പ് നല്‍കി.
രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് അനുഭവപ്പെടുന്നത്. ഇപ്പോഴും രോഗവ്യാപനം മുന്നോട്ടുതന്നെയാണ്. ഏതു സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. ഇക്കാര്യം എല്ലാ രാജ്യങ്ങളും കരുതയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു.
നിലവില്‍ രോഗവ്യാപന തോത് താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്നതിനാല്‍ രോഗവ്യാപനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് പറയാനാവില്ല. അതിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് നമുക്ക് ഏതാനും മാസങ്ങള്‍ ലഭിച്ചേക്കാം എന്നുമാത്രം. രോഗബാധയില്‍ കുറവുണ്ടാകുന്ന രാജ്യങ്ങള്‍ ഈ സമയം ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചു. ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.