black-widow-spider

സൂക്രെ: ലോക്ക്ഡൗണൊക്കെയല്ലേ, വെറുതെയിരുന്നപ്പോൾ കുട്ടികൾക്കൊരു ആഗ്രഹം. ഒന്നു സ്പൈഡർമാനായാൽ എങ്ങനെയുണ്ടാകും. സിനിമയിൽ ചിലന്തിയുടെ കടിയേറ്റാണല്ലോ പീറ്റർ പാർക്കർ സ്പൈഡർമാനായി മാറിയത്. പിന്നെ ഒന്നും നോക്കിയില്ല. ഒരു ബ്ലാക്ക് വിഡോ ഇനത്തിൽപ്പെട്ട ചിലന്തിയെ തേടിപ്പിടിച്ച് പരസ്പരം കടിപ്പിച്ചു. പക്ഷേ, സ്പൈഡർമാനായില്ലെന്ന് മാത്രമല്ല, പണികിട്ടി ആശുപത്രിയിലാവുകയും ചെയ്തു. മേയ് 14ന് ബൊളീവിയയിലാണ് സംഭവം. സഹോദരങ്ങളായ 8, 10, 12 വയസുള്ള മൂന്ന് കുട്ടികളാണ് ആൻഡിയൻ മേഖലയായ പൊട്ടോസിയിലെ ചായൻറ്റ പട്ടണത്തിൽ ആടുകളെ മേയ്ക്കുന്നതിനിടെ സ്പൈഡർമാൻ ആകാൻ കൊതിച്ച് ബ്ലാക്ക് വിഡോ ചിലന്തിയെ പിടികൂടിയത്.

ചിലന്തിയുടെ കടിയേറ്റതിന് പിന്നാലെ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അമ്മ അവരെ അടുത്തുള്ള ഒരു ആശുപത്രിയിലെത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം ലാ പാസിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മൂവരെയും മാറ്റി. കടുത്ത പനിയും വിറയലും പേശീ വേദനയുമുണ്ടായിരുന്ന കുട്ടികൾ ഒടുവിൽ സുഖം പ്രാപിക്കുകയും കഴിഞ്ഞ ദിവസം ആശുപത്രി വിടുകയുമായിരുന്നു. പല തരത്തിലുള്ള അസ്വസ്ഥതകൾക്ക് ബ്ലാക്ക് വിഡോ ചിലന്തിയുടെ വിഷം കാരണമാകാം. കുട്ടികളിൽ ഇത് വളരെ അപകടമാണ്. നാഡീ വ്യവസ്ഥയെയാണ് ബ്ലാക്ക് വിഡോയുടെ വിഷം ബാധിക്കുന്നത്. കടിയേറ്റ ഭാഗം വേദനയോടെ തടിയ്ക്കുന്നതിന് പിന്നാലെ പനി, തലകറക്കം, പേശീ വേദന തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്നു. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ബ്ലാക്ക് വിഡോ ചിലന്തികൾ സുലഭമാണ്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ബ്ലാക്ക് വിഡോയെ കണ്ടു വരുന്നു.