police

തിരുവനന്തപുരം : പാസ്പോർട്ട് വെരിഫിക്കേഷന് കെെക്കൂലി വാങ്ങിയ കേസിൽ എസ്.എെക്ക് മൂന്നുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് വട്ടിയൂർക്കാവ് ഗ്രേഡ് എസ്.എെ എസ്.നവാസിനെ ശിക്ഷിച്ചത്.

കുളത്തൂർ ആറ്റിപ്ര പുല്ലുകാട് സ്വദേശി ജി. രതീഷിൽ നിന്നാണ് നവാസ് കെെക്കൂലി വാങ്ങിയത്. 2012 ലാണ് രതീഷ് പാസ്പോർട്ടിനായി അപേക്ഷിച്ചത്. അന്ന് തുമ്പ സ്റ്റേഷനിലായിരുന്നു നവാസ് ജോലി ചെയ്തിരുന്നത്. പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിൽ രതീഷിന്റെ പേരിൽ കേസൊന്നും കണ്ടെത്തിയിരുന്നില്ല.

എന്നാൽ,​ സ്പെഷ്യൽ ബ്രാഞ്ച് പരിശോധനയിൽ ഒരു ഡ്രാഫ്റ്റ് കേസ് കണ്ടെത്തിയിരുന്നു. കൂടുതൽ വ്യക്തതയ്ക്കായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തുമ്പ പൊലീസിന് കെെമാറി. തുടർന്ന്,​ അനുകൂല റിപ്പോർട്ട് നൽകാൻ രതീഷിനോട് നവാസ് ആയിരം രൂപ ആവശ്യപ്പെട്ടു. പണം കിട്ടാത്തതിനാൽ റിപ്പോർട്ട് ദിവസങ്ങളോളം താമസിപ്പിക്കുകയും ചെയ്തു. പണത്തിനായുള്ള ശല്യം അസഹനീയമായതോടെ രതീഷ് വിജിലൻസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ നോട്ട് രതീഷ് കെെമാറിയതോടെ നവാസ് അറസ്റ്റിലായി. വിജിലൻസിന് വേണ്ടി പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ.എസ്.ചെറുന്നിയൂർ ഹാജരായി.