photo
സലിമിന്റെ വാഴകൃഷിത്തോട്ടം.

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷിവകുപ്പ് സംസ്ഥാനത്ത് 14,000 സംയോജിത കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.സംയോജിത കൃഷിയിൽ താത്പര്യമുളള,​ അഞ്ച് സെന്റെങ്കിലും കൃഷിഭൂമിയുളള കർഷകർക്ക് പദ്ധതിയിൽ ചേരാം. ഇവർക്ക് ആനുകൂല്യം ലഭിക്കും.

ഇതിനുള്ള തുക റീബിൽഡ് കേരള ഫണ്ടിൽ നിന്നാണ്. സുഭിക്ഷ കേരളം ജൈവഗൃഹം എന്നാണ് പദ്ധതിയുടെ പേര്.

കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച എന്നിവയെല്ലാം ഉൾപ്പെടുത്തി കർഷകന് കുറച്ച് ഭൂമിയിൽ നിന്ന് പരമാവധി ആദായം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ കൃഷിയും മൃഗപരിപാലനവും സംയോജിപ്പിക്കുന്ന കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകും.

പുതിയ സംയോജിത യൂണിറ്റുകൾ :
ഒരാൾ അഞ്ച് സംരംഭങ്ങളെങ്കിലും തുടങ്ങണം. സ്വന്തമായി അഞ്ച് സെന്റ് ഭൂമിയുളളവരും വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ മുതലായവ വാടക ഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവർക്കും ഗുണഭോക്താവാകാം.

ആനുകൂല്യം ഇങ്ങനെ

@ 5 - 30 സെന്റ് - 30,000 രൂപ വരെ

@ 31 - 40 സെന്റ് 40,000 രൂപ വരെ

@ 40 സെന്റ് - രണ്ട് ഹെക്ടർ - 50,000 രൂപവരെ

സംയോജിത കൃഷി ഇങ്ങനെ

പോഷകത്തോട്ടം, മൃഗ-പക്ഷി യൂണിറ്റ്, മത്സ്യകൃഷി, കൂൺകൃഷി, തേനീച്ച വളർത്തൽ, ആസോള / തീറ്റപ്പുൽ കൃഷി, ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്, ജലസംരക്ഷണ യൂണിറ്റ്, പുഷ്പകൃഷി, തെങ്ങ് അധിഷ്ഠിത കൃഷി എന്നിവയിൽ അഞ്ചെണ്ണം തെരഞ്ഞെടുക്കാം. കൃഷിഭവനിലാണ് അപേക്ഷകൾ നൽകേണ്ടത് .