പാറശാല: മദ്യക്കടത്ത് പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്ന് ടാക്സ് വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ 7.84 കിലോ വെള്ളി ആഭരണങ്ങൾ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ന് ഇഞ്ചിവിള ചെക്പോസ്റ്റിൽ ബാഗുമായി എത്തിയ ആളെ പരിശോധിച്ചപ്പോഴാണ് വെള്ളി ആഭരണങ്ങൾ കണ്ടെത്തിയത്. ആഭരണങ്ങൾ കൊണ്ടുവന്ന വിളവങ്കോട് മാലൻവിള വിജയ വിലാസത്തിൽ വിജയകുമാരൻ തമ്പി (52) യെ ആഭരണങ്ങൾ സഹിതം അമരവിള ജി.എസ്.ടി അധികൃതർക്ക് കൈമാറി. സേലത്തെ നന്ദിനി ജുവലറിയുടെ വകയായ വെള്ളി കേരളത്തിലെ ജുവലറികളിൽ കൊടുക്കാൻ കൊണ്ടുവന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വെള്ളി ആഭരണങ്ങൾക്ക് മാർക്കറ്റിൽ 4,70,000 രൂപ വില കണക്കാക്കുന്നതായും വിലയുടെ മൂന്ന് ശതമാനം ടാക്‌സും മൂന്ന് ശതമാനം പിഴയും ഉൾപ്പെടെ 28,200 രൂപ ഈടാക്കിയ ശേഷം ആഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകിയതായും ജി.എസ്.ടി അധികൃതർ അറിയിച്ചു.