തിരുവനന്തപുരം: ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷവരെ കിട്ടാമെന്ന് മുൻ എസ്.പി ജോർജ്ജ് ജോസഫ് കേരളകൗമുദിയോട് പറഞ്ഞു. ശക്തമായ കേസാണിത്.
സാഹചര്യ,ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയുള്ള അന്വേഷണം ശരിയായ ദിശയിലാണ്. മാനസിക, ശാരീരിക, സാമ്പത്തിക പീഡനമേൽപ്പിച്ചതിന് ഐ.പി.സി 498 (എ), കൊലക്കുറ്രം (302), ശാരീരിക പീഡനം കാരണമുള്ള മരണം (304) എന്നിവയ്ക്ക് പുറമെ വന്യജീവി ആക്ടിൽ ഏഴുവർഷം ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്താം. മാപ്പുസാക്ഷികൾ ഉണ്ടാവാം.
കുത്തിക്കൊല്ലും പോലെയാണ് ഇതും. ആയുധം പാമ്പാണെന്നു മാത്രം. മൂർഖന്റെ അവശിഷ്ടം പോസ്റ്റുമാർട്ടം നടത്തിയതിലൂടെ ശക്തമായ തെളിവുണ്ടായി. ആദ്യം കടിച്ച അണലിയുടെ അവശിഷ്ടങ്ങളും പുറത്തെടുക്കണം. തൊലിയും പല്ലും കിട്ടും. പ്രതിയുടെ സാന്നിദ്ധ്യത്തിലാവണം ഇവ വീണ്ടെടുക്കേണ്ടത്. മൂർഖനെ കൊണ്ടുവന്ന ജാറിൽ പ്രതിയുടെ വിരലടയാളം ഉണ്ടാവും. ജാറിൽ പാമ്പിന്റെ മൂത്രവും മലവും കാണും. അതും ഫോറൻസിക് പരിശോധനയിൽ കണ്ടെടുക്കാം. എപ്പോഴും മലവും മൂത്രവും പുറന്തള്ളുന്നത് പാമ്പിന്റെ രീതിയാണ്. തെളിവുനിയമത്തിലെ ഇരുപത്തിയൊന്നാം വകുപ്പ് പ്രകാരം ഇത്തരം തെളിവുകൾ കോടതി സ്വീകരിക്കും.