തിരുവനന്തപുരം: ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ ലോട്ടറി തൊഴിലാളികളെ സഹായിക്കാനായി 3500 രൂപയുടെ ലോട്ടറി ടിക്കറ്റിനുള്ള കൂപ്പൺ വിതരണം തുടങ്ങി. സന്നദ്ധ പ്രവർത്തകരാണ് ലോട്ടറി ക്ഷേമനിധി അംഗങ്ങളായ വില്പനക്കാരുടെ വീടുകളിലെത്തി കൂപ്പൺ നൽകുന്നത്. ജൂലായ് 20 വരെ ഇവർക്ക് ഈ കൂപ്പൺ ഉപയോഗിച്ച് ലോട്ടറി ഏജൻസികളിൽ നിന്ന് ലോട്ടറി വാങ്ങാം. കൂപ്പണുകളോടൊപ്പം രണ്ട് മാസ്കും ഒരു കുപ്പി സാനിറ്രൈസറും നൽകും. അതേ സമയം ഓണക്കാലത്ത് നൽകാറുള്ള 6000 രൂപയുടെ ഉത്സവ ആനുകൂല്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമമാണ് ഇതിന്റെ പിറകിലെന്ന് ലോട്ടറി സെല്ലേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ സെക്രട്ടറി ലജീവ് വിജയൻ ആരോപിച്ചു.