കാസർകോട്: ഗോവയിലെ റീസോർട്ടിൽ നീലേശ്വരം പുതുക്കൈ സ്വദേശിയായ അഞ്ജന കെ. ഹരീഷ് (21) മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സുഹൃത്തുക്കൾ വെളിപ്പെടുത്തുമെന്ന് മുൻ നക്സലൈറ്റ് നേതാവ് അജിതയുടെ മകൾ ഗാർഗി. അഞ്ജനയുടെ മരണത്തെ കുറിച്ച് 'സത്യസന്ധമായ ആകുലതകൾ' ഉള്ളവർ കുറച്ചു കൂടി കാത്തിരിക്കണമെന്നാണ് ഗാർഗിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
ആ മരണം നേരിൽ കണ്ടവർ ഇപ്പോൾ നാട്ടിൽ എത്തി കൊവിഡ് ക്വാറന്റൈനിൽ കഴിയുകയാണ്. അഞ്ജനയുടെ മരണത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് അവരുള്ളത്. സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു വ്യവസായത്തിന്റെ ഇരയാകേണ്ടിവന്ന ഒരു വ്യക്തിയാണ് അഞ്ജനയെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്‌ക്കരിച്ച ശേഷമാണ് ഗാർഗി പോസ്റ്റിട്ടത്.
അഞ്ജന മരിക്കുമ്പോൾ ഗോവയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ ആതിര, ശബരി, നസീമ എന്നിവർ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ കേരളത്തിലേക്ക് വന്നിരുന്നു. കൊവിഡ് നിയന്ത്രണം കാരണം അവരിപ്പോൾ 14 ദിവസത്തെ നിരീക്ഷണത്തിലാണ്. അതിനിടെ അഞ്ജനയുടെ മരണം ആത്മഹത്യ തന്നെയാണെന്നും താമസ സ്ഥലത്ത് തൂങ്ങിമരിക്കുകയാണെന്നും പറയുന്ന നോർത്ത് ഗോവ എസ്. പി ഉൽക്രിഷ്ട് പ്രസൂണിന്റെ പരാമർശം അടങ്ങിയ പോസ്റ്റും ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അഞ്ജനയുടെ മരണത്തിന് പിന്നിൽ സംശയങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എസ് പി നടത്തിയ വിശദീകരണമാണിത്.
അതേസമയം കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്നതിന് യുവതിയുടെ ശരീരത്തിൽ നിന്നെടുത്ത വിസറയുടെ പരിശോധന ഫലംകൂടി വന്നതിന് ശേഷം മാത്രമേ വ്യക്തതയുണ്ടാകുയുള്ളുവെന്നും എസ്. പി പറയുന്നുണ്ട്. മാനസികചികിത്സക്കാണ് അഞ്ജനയെ ഗോവയിലേക്ക് കൊണ്ടുപോയതെന്ന് പറഞ്ഞിട്ടും ചിലർ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ഗാർഗി കുറ്റപ്പെടുത്തുന്നുണ്ട്.