തിരുവനന്തപുരം: കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കേരളത്തിലെത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും 28 ദിവസം നിർബന്ധിത ക്വാറന്റൈനിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുള്ള ചെലവും അവർ സ്വന്തമായി വഹിക്കണം. മലയാളികൾക്ക് നാട്ടിലെത്താനുള്ള
പാസിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്ന് കെട്ടിട നിർമാണത്തൊഴിലാളികളടക്കം എത്തുന്നതായി വിവരമുണ്ട്. കുറുക്കുവഴികളിലൂടെ എത്തിയാൽ രോഗവ്യാപനം നിയന്ത്റിക്കാൻ കഴിയാതെ വരും. പുറത്തുനിന്നുള്ള തൊഴിലാളികളുടെ പാസിന്റെയും മറ്റുചുമതലകളും കരാറുകാർ വഹിക്കണം. അതിർത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവർക്ക് നിശ്ചിത കാലയളവിലേക്ക് പാസ് നൽകും.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ കരുതലോടെ സ്വീകരിക്കും. ആരേയും പുറന്തള്ളുന്ന നയമില്ല. അവർ എത്തുമ്പോൾ ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്. അതിനുവേണ്ടിയാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. വരുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസംരക്ഷണത്തിന് ഇത് ആവശ്യമാണ്. ആരോടും ഒരു വിവേചനവുമില്ല. മറ്റു വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്റണങ്ങൾ. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലേക്കാണ് അത് ചെന്നെത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷ പാലിച്ച് ഇളവുകൾ
പ്രയോജനപ്പെടുത്തണം
ജനങ്ങളുടെ ജീവനോപാധിക്ക് ആവശ്യമായ സൗകര്യം ഒരുക്കാനാണ് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് കർക്കശമാക്കണം. അവർക്ക് വൈറസ് ബാധയുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. അവരുടെ സേവനം വിലപ്പെട്ടതാണ്. പി.പി.ഇ കിറ്റ് ധരിക്കാതെ രോഗികളുമായി ഇടപഴകരുത്. പൊലീസിന്റെ കാര്യത്തിലും ഇത് ബാധകമാണ്. മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് ധരിക്കാതിരിക്കാനുള്ള പ്രവണതയുണ്ട്. അത് അനുവദിക്കാനാവില്ല. എല്ലാവർക്കും മാസ്‌ക് സൗജന്യമായി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും.
ജൂസുകടകളിലും ചായക്കടകളിലും കുപ്പിഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും സാനിറ്റൈസ് ചെയ്തില്ലെങ്കിൽ രോഗപ്പകർച്ചയ്ക്ക് സാദ്ധ്യതയുണ്ട്. എ.ടി.എമ്മുകളിലെ സാനിറ്റൈസർ റീഫിൽ ചെയ്യാൻ ബാങ്കുകൾ തയ്യാറാവണം. പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോം സേവനം വിനിയോഗിക്കും.
അറസ്റ്റിലാകുന്ന പ്രതികളെ പൊലീസ് സ്റ്റേഷനുകളിലെത്തിക്കില്ല. ഇതിനായി സബ് ഡിവിഷൻ തലത്തിൽ ഡിറ്റെൻഷൻ കം പ്രൊഡക്ഷൻ സെന്റർ ആരംഭിക്കും. പ്രധാന തെരുവുകളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. തിരക്ക് ഒഴിവാക്കാൻ പൊലീസ് കാർക്കശ്യത്തോടെ ഇടപെടും.