തിരുവനന്തപുരം: കൊവിഡ്-19മായി ബന്ധപ്പെട്ട ഗുരുതര സാഹചര്യം നേരിടാനുള്ള സർക്കാർ നടപടികൾക്ക് രാഷ്ട്രീയവ്യത്യാസമില്ലാതെ എം.പിമാരുടെയും എം.എൽ.എമാരുടെയും പിന്തുണ.
മറുനാട്ടിലെ മലയാളികളുടെ വരവോടെ പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കേരളം കടന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇവരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തിയത്.
ജാഗ്രത ശക്തിപ്പെടുത്താൻ ജനപ്രതിനിധികൾ വച്ച നിർദ്ദേശങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്, പഞ്ചായത്ത് സമിതികൾക്ക് എം.പിമാരും എം.എൽ.എമാരും മാർഗനിർദ്ദേശവും സഹായവും നൽകണം. പ്രവാസികളുടെ കാര്യത്തിൽ ആശങ്ക വേണ്ട. കൂടുതൽ വിമാനസർവീസുകൾ കേന്ദ്രം ഏർപ്പാടാക്കുന്നുണ്ട്.
കൊവിഡ് വ്യാപനം തീവ്രമായ പ്രദേശങ്ങളിൽ നിന്നുവരുന്നവരുടെ കാര്യത്തിൽ പ്രത്യേകസമീപനം വേണമെന്ന പ്രതിപക്ഷനേതാവിന്റെ നിർദ്ദേശം പരിഗണിക്കും. അവർ വരേണ്ടതില്ലെന്ന് അതിന് അർത്ഥമില്ല.
തിരിച്ചെത്തുന്നവരുടെ മക്കൾക്ക് ഇവിടെ പഠിക്കാം.
പുറത്ത് നിന്നുള്ള തൊഴിലാളികളുടെ പാസും മറ്റു കാര്യങ്ങളും നോക്കേണ്ട ചുമതല കരാറുകാർക്കാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവരുൾപ്പെടെ പങ്കെടുത്തു. മൂന്ന് പേരൊഴിച്ചുള്ള മന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തുടക്കത്തിലെ കൂട്ടായ്മ
വീണ്ടെടുക്കണം:ചെന്നിത്തല
തിരുവനന്തപുരം: ആദ്യഘട്ടത്തിൽ നടത്തിയതുപോലെ ഒറ്റക്കെട്ടായ പ്രവർത്തനവും ജനങ്ങളുടെ സഹകരണവും ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യ പ്രോട്ടോകോൾ പാലിച്ച് പുറത്തുള്ളവരെ തിരിച്ചെത്തിക്കണം. ക്വാറന്റൈൻ സംവിധാനങ്ങൾ പുനരവലോകനം ചെയ്യണം. പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ നടപ്പാക്കണം. പരിശോധനാഫലവും രോഗവിവരങ്ങളും ഡോക്ടർമാരെ യഥാസമയം അറിയിക്കണം. സ്വകാര്യ ആശുപത്രികളിലും പരിശോധനാ സൗകര്യം ഒരുക്കണം. പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കണം തുടങ്ങി പത്തു നിർദേശങ്ങൾ മുന്നോട്ടുവച്ചു.
ബഹിഷ്കരിച്ചത്
നാല് എം.പിമാർ
കോൺഗ്രസ് എം.പിമാരായ കെ. മുരളീധരൻ, കെ.സുധാകരൻ,രാജ്മോഹൻ ഉണ്ണിത്താൻ,വി.കെ.ശ്രീകണ്ഠൻ എന്നിവർ വീഡിയോ കോൺഫറൻസ് ബഹിഷ്കരിച്ചു.ഇതുവരെ ഈ വിഷയത്തിൽ എം.പിമാരുമായി കൂടിയാലോചന നടത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. രാഹുൽ ഗാന്ധി ( വയനാട് ) ഔദ്യോഗിക തിരക്കുകൾ കാരണവും എം.കെ. രാഘവൻ ( കോഴിക്കോട് ) ആരോഗ്യകാരണത്താലും വിട്ടുനിന്നു. ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എം.പിയല്ലെങ്കിലും കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പങ്കെടുത്തു.
പ്രതിപക്ഷത്തെ പലർക്കും അവസരം കിട്ടിയില്ലെന്ന് പരാതിയുയർന്നു. കക്ഷിനേതാക്കളാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.