*ബിശ്വാസ് മേത്തയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാന ചീഫ്സെക്രട്ടറി ടോം ജോസ് 31ന് വിരമിക്കുന്ന സാഹചര്യത്തിൽ, പുതിയ ചീഫ്സെക്രട്ടറിയെ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി ബിശ്വാസ് മേത്ത പുതിയ ചീഫ്സെക്രട്ടറിയായേക്കും. 1986 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ മേത്ത രാജസ്ഥാൻ സ്വദേശിയാണ്. അടുത്ത വർഷം ഫെബ്രുവരി വരെ സർവീസുണ്ട്. ബിശ്വാസ് മേത്തയേക്കാൾ സീനിയറായ മൂന്ന് കേരള കേഡർ ഉദ്യോഗസ്ഥരുണ്ടെങ്കിലും അവരെല്ലാം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേരളത്തിലേക്ക് മടങ്ങാൻ താല്പര്യമറിയിച്ചിട്ടുമില്ല. മേത്തയ്ക്ക് മുഖ്യമന്ത്രിയുമായും അടുപ്പമുണ്ട്.
ടോം ജോസിനെ റീബിൽഡ്
കേരളയിൽ പ്രതിഷ്ഠിക്കാൻ നീക്കം
വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് ഉന്നത തസ്തികയിൽ പുനർ നിയമനമുണ്ടാകുമെന്ന പ്രചാരണമുണ്ട്. അഴിമതിയാരോപണ വിധേയനായ ടോം ജോസ് ലോകബാങ്കിന്റേതടക്കം കോടികൾ കൈകാര്യം ചെയ്യുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ചുമതലക്കാരനാകാനുള്ള കരുനീക്കമാണ് നടത്തുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഏകോപനച്ചുമതലയിലേയ്ക്കും പറഞ്ഞുകേൾക്കുന്നു.
സർക്കാർ ഗുരുതര സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ, വിരമിച്ച ഐ.എ.എസുകാരെ ലക്ഷങ്ങളുടെ ശമ്പളത്തിൽ ഉന്നത തസ്തികയിൽ നിയമിക്കുന്നത് പ്രതിപക്ഷ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ചില മന്ത്രിമാർക്കടക്കം ഇക്കാര്യത്തിൽ വിയോജിപ്പുള്ളതായും സൂചനയുമുണ്ട്. അഴിമതിയാരോപണങ്ങൾ നേരിടുന്നയാളെന്ന നിലയിൽ, ടോം ജോസിന്റെ പുനർനിയമനം പിന്നത്തേയ്ക്ക് മാറ്റാനും മതി.