*രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് സ്വന്തം ചെലവിൽ 28 ദിവസത്തെ ക്വാറന്റൈൻ
*എല്ലാവരുടെയും ചെലവ് ഇനി താങ്ങാനാവില്ലെന്ന് മുഖ്യമന്ത്രി; നിരക്കുകൾ ഉടൻ
തിരുവനന്തപുരം: സർക്കാർ കേന്ദ്രങ്ങളിലെ ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈന് പ്രവാസികൾ ഇനി പണം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലക്ഷക്കണക്കിനാളുകൾ നാട്ടിലേക്ക് വരുമ്പോൾ, എല്ലാവരുടെയും ചെലവ് താങ്ങാൻ സംസ്ഥാനത്തിനാവില്ല. രജിസ്റ്റർ ചെയ്യാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക്, സ്വന്തം ചെലവിൽ 28 ദിവസത്തെ ക്വാറന്റൈനും ഏർപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാസെടുത്ത് വരുന്നവരെ വീടുകളിലാണ് നിരീക്ഷണത്തിലാക്കുന്നത്.
ക്വാറന്റൈൻ സൗകര്യങ്ങളുടെ ചെലവുകൾ സർക്കാർ ഉടൻ പ്രസിദ്ധപ്പെടുത്തും. പ്രവാസികളിൽ തൊഴിൽ നഷ്ടപ്പെട്ട് വരുന്നവരുമുള്ളതിനാൽ പാവപ്പെട്ടവർക്ക് താങ്ങാൻ പറ്റുന്ന ക്വാറന്റൈനുമുണ്ടാവും. ഗൾഫിൽ മലയാളി പ്രവാസികൾ കൊവിഡ് ബാധിച്ച് മരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ടെന്നും, ഇടപെടേണ്ടത് കേന്ദ്രസർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ എത്തിയത്
ഒരു ലക്ഷത്തിലേറെപ്പേർ
വിദേശത്തും ഇതര സംസ്ഥാനങ്ങളിലും നിന്നായി ഇതുവരെ 1,02,279 പേരാണ് എത്തിയത്. വിമാനത്തിൽ 8721 പേരും കപ്പലിൽ 1621 പേരും ട്രെയിനിൽ 5363പേരും സ്വകാര്യവാഹനങ്ങളിൽ 86,574 പേരും എത്തി. വിദേശത്ത് നിന്നെത്തിയ 133 പേർക്ക് രോഗബാധയുണ്ടായി. മഹാരാഷ്ട്രയിൽ നിന്നുള്ള 72ഉം തമിഴ്‌നാട്ടിൽ നിന്നുള്ള 71ഉം കർണാടകയിൽ നിന്നുള്ള 35 ഉം പേർക്ക് രോഗം ബാധിച്ചു.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. വിവിധ ജില്ലകളിലായി 1,04,336 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1,03,528 പേർ വീട്/സർക്കാർ കേന്ദ്രങ്ങളിലും 808 പേർ ആശുപത്രികളിലുമാണ്. 186 പേരെയാണ് ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
സർക്കാരിന് ബാദ്ധ്യത :
പ്രവാസികൾക്ക് ദുരിതം
കെ.എസ്.അരവിന്ദ്
തിരുവനന്തപുരം : സർക്കാർ കേന്ദ്രങ്ങളിലെ നിരീക്ഷണത്തിന് പണം ഈടാക്കൽ പ്രവാസികൾക്ക് സമ്മാനിക്കുന്നത് മറ്റൊരു ദുരിതം.
ജയിൽ ശിക്ഷ കഴിഞ്ഞവർ, ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിംഗ് വിസയിൽ പോയവർ, വിസാകാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരെയാണ് ഇപ്പോൾ മുൻഗണനാക്രമത്തിൽ നാട്ടിലെത്തിക്കുന്നത്. ഇതിൽ ഗർഭിണികൾക്കും കുട്ടികൾക്കും പ്രായമായവർക്കും സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണം ബാധകമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. നേരത്തെ മടങ്ങിയെത്തിയ പ്രവാസികൾക്ക് പണം നൽകി താമസിക്കാൻ വിവിധ ഹോട്ടലുകൾ സജ്ജമാക്കിയിരുന്നു. എന്നാൽ, പണം നൽകി നിരീക്ഷണത്തിൽ കഴിയാൻ ശേഷിയുള്ളവരിൽ തന്നെ പലരും എത്തിയത് സർക്കാർ കേന്ദ്രത്തിൽ. വിദേശത്ത് നിന്നെത്തുന്നവർ ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിലും ബാക്കി ഏഴ് ദിവസം വീട്ടിലും നിരീക്ഷണത്തിൽ കഴിയണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, വിദേശത്ത് നിന്നെത്തുന്നവർക്ക് 14 ദിവസം സർക്കാർ കേന്ദ്രത്തിൽ നിർബന്ധിത നിരീക്ഷണം വേണമെന്നാണ് കേന്ദ്ര നിർദേശം. 14 ദിവസം കഴിഞ്ഞാണ് ഇപ്പോൾ പ്രവാസികളെ വിട്ടയയ്ക്കുന്നത്.