തിരുവനന്തപുരം:മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രറെയിൽവേ മന്ത്രി പീയുഷ് ഗോയലും പരസ്പരം വിമർശിക്കുന്ന തരത്തിലെത്തി.
റെയിൽവേ മന്ത്റിക്ക് രാജ്യം നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവത്തിന്റെ നേരിയ ഒരു അംശംപോലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുൻകൂട്ടി വിവരം നൽകാതെ മഹാരാഷ്ട്രയിൽ നിന്ന് രണ്ടാമതും ട്രെയിൻ അനുവദിച്ചത് കേരളത്തിന്റെ എതിർപ്പിനെ തുടർന്ന് റദ്ദാക്കിയിരുന്നു. കേരളത്തിലെ ജനങ്ങളെക്കുറിച്ച് മുഖ്യമന്ത്റിക്ക് ചിന്തയില്ലെന്നാണ് പീയുഷ് ഗോയൽ ഇതേക്കുറിച്ച് പറഞ്ഞത്.
കേരളത്തിലെ ജനങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ട്രെയിൻ വേണ്ടെന്ന് പറയാനിടയാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ലക്ഷക്കണക്കിനാളുകൾ സംസ്ഥാനത്തിന് പുറത്ത് ഒന്നിച്ചുവന്നാൽ ഇവിടത്തെ ക്രമീകരണങ്ങളുടെ താളംതെറ്റും. ട്രെയിനിൽ വരുന്നവർ നേരത്തേ പോർട്ടലിൽ രജിസ്റ്റർചെയ്താൽ സൗകര്യങ്ങൾ ഒരുക്കാനാവും.ഇവിടെ വന്നിറങ്ങിയശേഷം ക്രമീകരണങ്ങളൊരുക്കുന്നത് അപാകതകളുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.