തിരുവനന്തപുരം: എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലേക്ക് കേന്ദ്രസഹമന്ത്രി വി.മുരളീധരനെ സംസ്ഥാന സർക്കാർ ഔദ്യോഗികമായി നേരിട്ട് ക്ഷണിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്സാപ്പിൽ വീഡിയോ കോൺഫറൻസിന്റെ ലിങ്ക് അയച്ചെങ്കിലും മന്ത്രിക്ക് അതിൽ കയറാനായില്ല. മുരളീധരൻ യോഗത്തിൽ പങ്കെടുത്തിട്ടില്ല. പങ്കെടുക്കണമെന്ന് സർക്കാരിന് ആത്മാർത്ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കിൽ ഫോണിലെങ്കിലും വിളിച്ച് സാന്നിധ്യം ഉറപ്പാക്കണമായിരുന്നു. വാസ്തവം ഇതായിരിക്കെ മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താ സമ്മേളനത്തിൽ പച്ചക്കള്ളമാണ് പറഞ്ഞതെന്ന് സുരേന്ദ്രൻ പറഞ്ഞു.
വി.മുരളീധരൻ കേരളത്തിനായി നിരവധി കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ മനഃപൂർവ്വം ഇകഴ്ത്തിക്കാട്ടാനാണ് പിണറായി ശ്രമിക്കുന്നത്. പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ വി.മുരളീധരൻ സ്വീകരിക്കുന്ന നടപടികളാണ് കേരളത്തിന് ഇപ്പോൾ ആശ്വാസകരമാകുന്നത്.
റെയിൽവേമന്ത്രി പീയുഷ് ഗോയലിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതും വിലകുറഞ്ഞതുമാണ്. മലയാളികളെ തിരികെ എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ താല്പര്യമെടുക്കാത്തത് അവരെല്ലാം എത്തിയാൽ മതിയായ സൗകര്യമൊരുക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ്.