ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ പ്രസിഡന്റ് - സെക്രട്ടറി തർക്കം രൂക്ഷം
പ്രസിഡന്റ് പിരിച്ചുവിട്ട എത്തിക്സ് കമ്മിഷൻ സെക്രട്ടറി പുനഃസ്ഥാപിച്ചു
ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനിൽ പ്രസിഡന്റ് നരീന്ദർ ബത്രയും സെക്രട്ടറി ജനറൽ രാജീവ് മേത്തയും തമ്മിലുള്ള അധികാരത്തർക്കം പുതിയ വഴിത്തിരിവിലേക്ക്. കഴിഞ്ഞ ദിവസം പ്രസിഡന്റ് പിരിച്ചുവിട്ട അസോസിയേഷന്റെ എത്തിക്സ് കമ്മിഷൻ പുനഃസ്ഥാപിച്ചുകൊണ്ട് സെക്രട്ടറി ജനറൽ ഇന്നലെ ഉത്തരവിറക്കി . പ്രസിഡന്റിന് ഇങ്ങനെ ഉത്തരവുകൾ ഇറക്കാൻ അധികാരമില്ലെന്നും രാജീവ് മേത്ത തന്റെ ഉത്തരവിൽ പറയുന്നു.
2017 ൽ അധികാരത്തിലെത്തിയ ഇരുവരും തമ്മിൽ തുടക്കം മുതൽ അഭിപ്രായ വ്യത്യാസത്തിലായിരുന്നുവെങ്കിലും ഇൗ ലോക്ക് ഡൗൺ കാലത്താണ് പരസ്യമായി അടിപൊട്ടിയത്. രാജീവ് മേത്തയുടെ സെക്രട്ടറിജനറൽ എന്ന നിലയിലെ ഓഫീസ് അധികാരങ്ങൾ ബത്ര കൈവശപ്പെടുത്തിയതും അതിനെ എതിർത്ത് രാജീവ് മേത്ത പരസ്യമായി രംഗത്തുവന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കിയിരുന്നു. ലോക്ക് ഡൗൺ കാരണം രാജീവ് മേത്തയ്ക്ക് ഓഫീസിലെത്താനാകാത്തതിനാൽ ചുമതലകൾ സ്വയം ഏറ്റെടുക്കുകയും മറ്റുള്ളവർക്കായി പകുക്കുകയും ചെയ്യുന്നുവെന്നാണ് ബത്ര അവകാശപ്പെട്ടത്. എന്നാൽ ഓഫീസ് ചുമതലകൾ എല്ലാം താൻ ഓൺലൈനായി ചെയ്യുന്നുണ്ടെന്നും അതിൽ കൈയിടാനുള്ള മോഹം മനസിൽ വച്ചാൽ മതിയെന്നും മേത്ത മറുപടി നൽകി.
തൊട്ടുപിന്നാലെയാണ് എത്തിക്സ് കമ്മിഷനെ പിരിച്ചുവിട്ടുകൊണ്ട് ഇൗ മാസം 19 ന് ബത്ര ഉത്തരവിറക്കിയത്. തൊട്ടുപിന്നാലെ ഇൗ ഉത്തരവ് റദ്ദാക്കിയതായി മേത്തയുടെ കത്ത് അസോസിയേഷൻ അംഗങ്ങൾക്കും എത്തിക്സ് കമ്മിറ്റി അംഗങ്ങൾക്കും എത്തി. കമ്മിറ്റി പിരിച്ചുവിട്ടതിനെപ്പറ്റി ഐ.ഒ.എയുടെ ലീഗൽ കമ്മിഷൻ അന്വേഷിക്കുമെന്നും മേത്ത അറിയിച്ചു. അതിനിടെ ഐ.ഒ.എയുടെ ഒൗദ്യോഗിക മിനിട്ട്സ് റെക്കാഡറായി രാകേഷ് ഗുപ്തയെ ബത്ര നിയമിച്ചതും വിവാദമായിട്ടുണ്ട്.
എത്തിക്സ് കമ്മിഷനെ റദ്ദാക്കിയതിന് പിന്നിൽ
റിട്ടയേഡ് ജസ്റ്റിസ് വി.കെ. ഗുപ്തയുടെ അദ്ധ്യക്ഷതയിലാണ് 2017 ലെ ഐ.ഒ.എ. ജനറൽ ബോഡി ഒമ്പത് അംഗ എത്തിക്സ് കമ്മിഷനെ നിയമിച്ചത്. നാല് വർഷത്തേക്കായിരുന്നു നിയമനം. ഐ.ഒ.എ. വൈസ് പ്രസിഡന്റും ബി.ജെ.പി. വക്താവുമായ സുധാംശു മിത്തൽ, സീനിയർ വൈസ് പ്രസിഡന്റ് അനിൽഖന്ന, ശൈത്യകാല ഒളിമ്പിക്സ് താരം ശിവകേശവൻ തുടങ്ങിയവരൊക്കെയാണ് എത്തിക്സ് കമ്മിറ്റിയിലുണ്ടായിരുന്നത്.
ഐ.ഒ.എയിലെ വിവിധ പ്രശ്നങ്ങളിൽ തീരുമാനമെടുക്കാൻ എത്തിക്സ് കമ്മിറ്റിക്ക് ശുപാർശകൾ സമർപ്പിക്കാമായിരുന്നു. പല സംസ്ഥാന അസോസിയേഷനുകളിലെയും പ്രശ്നങ്ങളിൽ നരീന്ദർ ബത്രയുടെ പക്ഷത്തിന് അനുകൂലമായി നിലപാടായിരുന്നില്ല എത്തിക്സ് കമ്മിഷന്. ഇതേത്തുടർന്നാണ് പിരിച്ചുവിടലിന് കളമൊരുങ്ങിയത്.
കാലാവധി തിരുത്തി
എത്തിക്സ് കമ്മിഷന്റെ കാലാവധി സംബന്ധിച്ച 2017 ലെ ജനറൽ ബോഡിയുടെ തീയതി തിരുത്തിയാണ് ബത്ര പിരിച്ചുവിട്ടതെന്ന് രാജീവ് മേത്ത ആരോപിക്കുന്നു. നാല് വർഷത്തേക്കായിരുന്നു ജനറൽ ബോഡി കാലാവധി നിശ്ചയിച്ചത്. എന്നാൽ ഇത് രണ്ടുവർഷത്തേക്കാക്കി തിരുത്തിയ കമ്മിറ്റി മിനിട്സാണ് കമ്മിഷനെ പിരിച്ചുവിട്ട ഉത്തരവിനൊപ്പം ബത്ര അയച്ചതെന്ന് രാജീവ് മേത്ത ആരോപിക്കുന്നു.
ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് കാണിക്കുകയാണ് ബത്ര. തന്നിഷ്ടപ്രകാരം ഐ.ഒ.എ നിയമങ്ങൾ മാറ്റിയെഴുതാൻ ബത്രയ്ക്ക് കഴിയില്ല.
- രാജീവ് മേത്ത
കാലാവധി കഴിഞ്ഞതുകൊണ്ടാണ് എത്തിക്സ് കമ്മിഷൻ പിരിച്ചുവിട്ടത്. പുതിയ കമ്മിഷനെ ഉടൻ നിയമിക്കും.
- നരീന്ദർ ബത്ര