സായ് സ്റ്റേഡിയങ്ങൾ തുറന്നു
ന്യൂഡൽഹി : സ്പോർട്സ് അതോറിറ്റിക്ക് കീഴിലുള്ള ഡൽഹിയിലെ പ്രധാന സ്റ്റേഡിയങ്ങൾ തുറന്നു. അഞ്ച് പ്രധാന സ്റ്റേഡിയങ്ങളിൽ രണ്ടെണ്ണമാണ് തുറന്നത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം എന്നിവയിലാണ് ഇന്നലെ ഉച്ചമുതൽ കായിക പരിശീലനം ആരംഭിച്ചത്.
ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് പരിശീലനത്തിന് അനുമതി നൽകുന്നത്.
ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ലാൺ ടെന്നിസ്, ആർച്ചറി എന്നീ ഇനങ്ങളിലാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനത്തിന് അവസരം. സായ്‌യുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ കർശനമായി പാലിച്ചാണ് പരിശീലനം. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലും കർണിസിംഗ് ഷൂട്ടിംഗ് റേഞ്ചിലും ഇൗയാഴ്ച അവസാനത്തോടെ പരിശീലനം തുടങ്ങാനാകും.
വുഹാനിൽ വീണ്ടും ഫുട്ബാൾ പരിശീലനം
വുഹാൻ : ചൈനയിലെ കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിൽ ഫുട്ബാൾ പരിശീലനം പുനരാരംഭിച്ചു. ഇൻഡോർ സ്റ്റേഡിയങ്ങളിലാണ് ഗ്രൂപ്പ് ട്രെയിനിംഗ് പുനരാരംഭിച്ചത്. പ്രാദേശിക താരങ്ങൾക്കും പൊതുജനങ്ങൾക്കും കളിക്കളത്തിൽ ഇറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ വുഹാനിലെ ലോക്ക് ഡൗൺ കഴിഞ്ഞിരുന്നുവെങ്കിലും ഫുട്ബാൾ കളിക്കാൻ അനുമതി നൽകിയിരുന്നില്ല.
വിൻഡീസിൽ ക്രിക്കറ്റ് പരിശീലനം തുടങ്ങി
കിംഗ്സ്ടൺ : കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് വെസ്റ്റ്ഇൻഡീസിൽ നിറുത്തി വച്ചിരുന്ന ക്രിക്കറ്റ് പരിശീലനം പുനരാരംഭിച്ചു. ജൂലായിൽ നടക്കേണ്ട ഇംഗ്ളണ്ടിന്റെ പര്യടനം മുൻനിറുത്തി ടെസ്റ്റ് ടീം താരങ്ങളാണ് ചെറുസംഘങ്ങളായി സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങിയത്.
ടെസ്റ്റ് ടീം ക്യാപ്ടൻ ജാസൺ ഹോൾഡർ, ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ്, ഷായ്‌ഹോപ്പ്, കെമർ റോഷ്, ഷേൻ ഡോർവിച്ച്, ഷമാർ ബ്രൂക്ക്സ്, റെയ്മൊൺ റീഫർ തുടങ്ങിയവർ കഴിഞ്ഞ ദിവസം പരിശീലനം നടത്തി.