arrest

കോട്ടയം: പച്ചക്കറി ലോറിയിൽ തമിഴ്‌നാട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് വൻ വിലയ്ക്ക് വിൽപ്പന നടത്തിയ അച്ഛനും മകനും അറസ്റ്റിൽ. താഴത്തങ്ങാടി തളിക്കോട്ട ബിസ്മില്ല വീട്ടിൽ സി.എ സ്‌നേഹ ജാൻ (46) , മകൻ അജ്മൽ മുഹമ്മദ് (23) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.

നാല് ലക്ഷത്തോളം രൂപ വില വരുന്ന 50 കെട്ട് ഹാൻസ് അടക്കമുള്ളവയാണ് ഇവർ ജില്ലയിൽ വിൽപ്പന നടത്താനായി എത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്നും അഞ്ച് രൂപയ്ക്ക് കിട്ടിയിരുന്ന ഇവ 200 വരെ രൂപയ്ക്കാണ് പ്രതികൾ വിറ്റിരുന്നത്. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിലാണ് ഇവർ ഹാൻസ് അടക്കമുള്ളവ വിതരണം ചെയ്തിരുന്നത്. പച്ചക്കറി ലോറിയിൽ തമിഴ്‌നാട് ഭാഗത്ത് നിന്ന് കോടിമത പച്ചക്കറി മാർക്കറ്റിൽ ഇവർ സാധനം എത്തിക്കും. ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ തന്നെ ഇവർ സാധനങ്ങൾ താഴത്തങ്ങാടിയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് സ്റ്റോക്ക് ചെയ്യും. ഓട്ടോറിക്ഷയിൽ ഓട്ടം തേടി എത്തുന്നവരാണ് ഇവരുടെ പ്രധാന ഇടപാടുകാർ. ഓട്ടം പോകാനെന്ന പേരിൽ വാഹനവുമായി സഞ്ചരിക്കുന്ന ഇവർ ആളുകൾക്ക് ഹാൻസ് കൈമാറും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ ഹാൻസ് വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. വെസ്റ്റ് എസ്. ഐ ടി. ശ്രീജിത്ത് , ജൂനിയർ എസ്.ഐ ടി. സമേഷ് , എ.എസ്.ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ജെ സജീവ് , സിവിൽ പൊലീസ് ഓഫീസർ കെ.ആർ ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.