തിരുവനന്തപുരം:നഗരത്തിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ ഒരാൾക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്നും തലസ്ഥാനത്തെത്തി പൂജപ്പുര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഹോംക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആൾക്കെതിരെയാണ് കേസെടുത്തത്.പൊലീസിന്റെ ബി സേഫ് ആപിലൂടെ സൈബർസെൽ നടത്തിയ പരിശോധനയിൽ ഇയാൾ പുറത്തിറങ്ങി സഞ്ചരിച്ചതായി കണ്ടെത്തി. ഇയാൾക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും കേസെടുത്തു.ഇതുവരെ 7 പേർക്കെതിരെ ഹോംക്വാറന്റൈൻ ലംഘിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 211 പേർക്കെതിരെ കേസെടുത്തു.ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 22 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേസെടുത്തു. ഇരുചക്രവാഹനങ്ങൾ, ആട്ടോറിക്ഷ,ടാക്സി, മറ്റ് സ്വകാര്യ കാറുകൾ എന്നിവയിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്ര ചെയ്താൽ ഡ്രൈവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു.