തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്ന് രാജധാനി സ്‌പെഷ്യൽ ട്രെയിനിൽ ഇന്നലെ തിരുവനന്തപുരത്തെത്തിയത് 266 യാത്രക്കാർ. 145 പുരുഷന്മാർ, 100 സ്ത്രീകൾ, 21 കുട്ടികൾ ഉൾപ്പെടെയാണിത്. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള എണ്ണം: തിരുവനന്തപുരം 76, കൊല്ലം 87, പത്തനംതിട്ട 53, ആലപ്പുഴ 25, കോട്ടയം 2. 23 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു. ഇന്നലെ അന്യ സംസ്ഥാന തൊഴിലാളികൾക്കായി നാല് ട്രെയിനുകൾ കേരളത്തിൽ നിന്നു പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തു നിന്നു ജാർഖണ്ഡിലെ ജയ്സിദ്ധിലേക്കുള്ള ട്രെയിനിന് തിരുവല്ലയിലും സ്റ്റോപ്പുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന് ബംഗാളിലെ അലുബാരി റോഡ്, കോട്ടയത്തു നിന്നു ബംഗാളിലെ മാൾഡ ടൗൺ സ്റ്റേഷൻ, കോഴിക്കോട് നിന്നു കൃഷ്ണനഗർ സിറ്റി ജംഗ്ഷൻ റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും സർവീസുകൾ പുറപ്പെട്ടു. ഇന്ന് തിരുവനന്തപുരത്തു നിന്ന് അഗർത്തലയിലേക്ക് ട്രെയിൻ പുറപ്പെടും. എറണാകുളത്തും കോഴിക്കോടും സ്റ്റോപ്പുണ്ട്. പാലക്കാട്ട് നിന്നു ബീഹാറിലേക്കും മലപ്പുറം ജില്ലയിലെ സ്റ്റേഷനിൽ നിന്നു ബംഗാളിലെ കൃഷ്ണനഗർ സിറ്റി ജംഗ്ഷൻ റോഡിലേക്കും കോഴിക്കോട്ടു നിന്നു ബംഗാളിലെ ന്യൂ ജൽപൈഗുരി ജംഗ്ഷൻ, തിരുവല്ലയിൽ നിന്നു ഹൗറ, കോഴിക്കോട്ടു നിന്നു ലക്‌നൗ, തൃശൂരിൽ നിന്നു ബീഹാർ എന്നിവിടങ്ങളിലേക്കും ഇന്ന് ട്രെയിൻ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.