ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിയോട് ബൽബീർസിംഗ് പറഞ്ഞത്
ന്യൂഡൽഹി : ''നിങ്ങളുടെ വിജയം എന്നെ ആരോഗ്യവാനാക്കും. അതുകാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്''- കഴിഞ്ഞദിവസം അന്തരിച്ച ഹോക്കി ഇതിഹാസം ബൽബീർസിംഗ് 2016 ൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടനായിരുന്ന മഹേന്ദ്രസിംഗ് ധോണിയോട് പറഞ്ഞ വാക്കുകളാണിത്.
നാലുവർഷം മുമ്പ് ആസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തിനായി ഇന്ത്യൻ ടീം മൊഹാലിയിലെത്തിയപ്പോഴാണ് ബൽബീർ ധോണിയെ സ്റ്റേഡിയത്തിൽ സന്ദർശിച്ചത്. ബൽബീറിനെ കണ്ടപ്പോൾ ധോണി ആദ്യം ചോദിച്ചത് ആരോഗ്യ സ്ഥിതിയെക്കുറിച്ചായിരുന്നു. അന്ന് 92 വയസായിരുന്നു ബൽബീറിന്. ഇന്ത്യൻ ടീം മൂന്നാമത്തെ ലോകകിരീടം നേടി ഗോൾഡൻ ഹാട്രിക്ക് സ്വന്തമാക്കട്ടെയെന്നും മൂന്ന് ഒളിമ്പിക്സ് സ്വർണ്ണ മെഡലുകൾക്ക് ഉടമയായിരുന്ന ബെൽബീർ അന്ന് ആശംസിച്ചു. ഇന്ത്യ ആ മത്സരത്തിൽ ആസ്ട്രേലിയയെ തോല്പിച്ചെങ്കിലും സെമിയിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റതോടെ ലോകകപ്പ് നേടാനായിരുന്നില്ല.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണനേട്ടത്തിന് ചുക്കാൻ പിടിച്ച ബൽബീർ സിംഗ് കഴിഞ്ഞ ദിവസമാണ് ഛണ്ഡിഗഡിൽ അന്തരിച്ചത്. ഇൗ മാസം എട്ടാം തീയതിമുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ബൽബീർ ആശുപത്രിയിലായിരുന്നു. പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ, അത് ഹോക്കിയായാലും ക്രിക്കറ്റായാലും ഫുട്ബാൾ ആയാലും ബൽബീർ സിംഗിന് ആവേശമായിരുന്നു. തനിക്ക് കഴിയുന്ന വിധത്തിൽ കളിക്കാർക്ക് ഭാവുകങ്ങൾ നേരാൻ അദ്ദേഹം സ്റ്റേഡിയങ്ങളിലെത്തുക പതിവായിരുന്നു. ടെലിവിഷനിൽ ഇന്ത്യയുടെ മത്സരങ്ങൾ ഒന്നൊഴിയാതെ കാണുന്നതും പതിവായിരുന്നു. ഇന്ത്യൻ ഹോക്കിയിലെ പുതിയ താരങ്ങളെക്കുറിച്ച് മക്കളോടും സുഹൃത്തുക്കളോടും അന്വേഷിക്കാറുണ്ടായിരുന്നു. കായിക ലോകവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും വീൽ ചെയറിലെങ്കിലും പങ്കെടുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.