പോത്തൻകോട്: സർക്കാരിന്റെ നിർദ്ദേശപ്രകാരം പോത്തൻകോട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി ഇന്നലെ പഞ്ചായത്ത് ഓഫീസിൽ സാധാരണപോലെ പൊതുജനങ്ങളെ പ്രവേശിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ ജീവനക്കാരുടെ പ്രതിഷേധം.

ജോലിയിൽ നിന്ന് വിട്ടുനിന്ന ഓഫീസ് ജീവനക്കാരും പ്രസിഡന്റും തമ്മിൽ ഏറെ നേരം വാക്കുതർക്കമുണ്ടായി. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. കൊവിഡ് പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസിന്റെ പ്രധാന വാതിൽ ക്ലോസ് ചെയ്‌ത ശേഷം ഓഫീസിന് മുന്നിലെ ഹാൾ വഴി നിയന്ത്രണങ്ങൾ പാലിച്ച് മറ്റൊരു വാതിൽ വഴിയായിരുന്നു ജീവനക്കാരെയും പൊതുജനങ്ങളെയും ഇതുവരെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. പ്രദേശത്ത് വീണ്ടും ഭീഷണി നിലനിൽക്കുന്നതിനാൽ പഴയരീതി തുടരണമെന്ന ജീവനക്കാരുടെ ആവശ്യം പ്രസിഡന്റ് നിരാകരിച്ചതിനെത്തുടർന്നാണ് തർക്കമുണ്ടായത്. നേരത്തെ മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന്റെ പ്രസിഡന്റും ഇടതുപക്ഷ സംഘടനാനേതാവായ സെക്രട്ടറിയും തമ്മിൽ തർക്കം നിലനിന്നിരുന്നതായി സൂചനയുണ്ട്. ഇതിന്റെ തുടർച്ചയാണ് പുതിയ സംഭവങ്ങളെന്നാണ് ആക്ഷേപം.