anil

വെഞ്ഞാറമൂട്: മകളെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്‌ത കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. ആനച്ചൽ മണക്കുന്ന് കട്ടയ്ക്കാലിൽ വീട്ടിൽ അനിൽകുമാറാണ് (50) അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അനിൽകുമാറിന്റെ ഭാര്യയും മറ്റ് മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇദ്ദേഹം മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിക്കുകയും മുറികളിൽ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം വീട്ടിൽ നിന്ന് മാറി നിൽക്കുകയുമായിരുന്നു. വീട് കത്തുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീഅണയ്ക്കുമ്പോഴാണ് മകളെയും കൊല്ലാൻ ശ്രമിച്ചെന്ന് മനസിലായത്. തുടർന്ന് പൊലീസ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ കുടുംബവഴക്കിനെ തുടർന്നാണ് വീട് കത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. വീട്ടിലുണ്ടായിരുന്ന ഒരു സ്‌കൂട്ടറും പൂർണമായി കത്തിനശിച്ചു. നേരത്തെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു ലിറ്റർ ചാരായവും പിടിച്ചിരുന്നു. ഇയാൾക്കെതിരെ അബ്‌കാരി കേസും എടുത്തിട്ടുണ്ട്. സി.ഐ ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ കുമാർ, എ.എസ്.ഐമാരായ ഷറഫുദീൻ, ഷാജു, എച്ച് സി ആഷിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.