arrested-accused

ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങിൽ കാർ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി യുവാവിന്റെ കാറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പത്തു പ്രതികൾ അറസ്റ്റിൽ. വെന്മേനാട് പൈങ്കണ്ണിയൂർ സ്വദേശികളായ മമ്മസ്രായില്ലത്ത് അനീസ്(25), മമ്മസ്രായില്ലത്ത് ആദിൽ(19), കറുപ്പം വീട്ടിൽ ഷജീർ(33), മമ്മസ്രായില്ലത്ത് ഷെഫീഖ്(പെപ്പി- 21), പുതുവീട്ടിൽ താജൂദ്ദീൻ (40), മാനാത്ത് പറമ്പിൽ നസീർ(30), പൈശ്യം വീട്ടിൽ ഹാരിസ്(28), പോക്കാക്കില്ലത്ത് ഫൈസൽ(36), മമ്മസ്രായില്ലത്ത് താജൂദ്ദീൻ(32), നാലകത്ത് പള്ളത്ത് റംഷാദ്(24) എന്നിവരെയാണ് കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി, എസ്‌.ഐ: യു.കെ. ഷാജഹാൻ, എ.എസ്‌.ഐ: ആന്റണി ജിമ്പിൾ, സി.പി.ഒമാരായ ശരത്ത്, ഷിനു, ഷൈജു, വനിതാ സി.പി.ഒ സൗദാമിനി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഒരുമനയൂർ സ്വദേശി വല്ലത്ത് പടി വീട്ടിൽ ഷാരുഖിന്റെ(24 ) കാറും, പോക്കറ്റിലുണ്ടായിരുന്ന 13 ,000 രൂപ വില വരുന്ന മൊബൈൽ ഫോണുമാണ് സംഘം തട്ടിയെടുത്തത്. 24 ന് രാത്രി ഒമ്പതിനായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി അനീസിന്റെ സഹോദരിയെ ഷാരുഖിന്റെ കൂട്ടുകാരൻ ഇയാളുടെ വീട്ടിൽ നിന്ന് കൂട്ടി കൊണ്ടുവരാൻ സഹായിച്ചുവെന്ന തെറ്റിദ്ധാരണയിലാണ് പ്രതികൾ കാറും, മൊബൈലും തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.