തിരുവനന്തപുരം: വൃഷ്ടി പ്രദേശത്തുണ്ടായ മഴയിൽ നീരൊഴുക്ക് ശക്തമായതോടെ അരുവിക്കര ഡാമിന്റെ ഷട്ടർ 10 സെന്റി മീറ്റർ ഉയർത്തി. അഞ്ചു ഷട്ടറുകളിൽ ഒരു ഷട്ടറാണ് ഇന്നലെ വൈകിട്ടോടെ ഉയർത്തിയത്. കരമനയാറിന് തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയോര മേഖലയിൽ മഴ ശക്തമായി ജലനിരപ്പ് ഉയർന്നാൽ രാത്രി വൈകി കൂടുതൽ ഷട്ടറുകൾ തുറന്നേക്കുമെന്ന് അരുവിക്കര ഡാം എ.ഇ അറിയിച്ചിട്ടുണ്ട്. രാത്രി ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രിയിലും ഷട്ടർ തുറന്നിരുന്നു.