pic

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത പാലക്കാട് ജില്ലയിൽ ജാഗ്രത ശക്തമാക്കി. ഇന്നലെ റിപ്പോ‍ർട്ട് ചെയ്ത 30ൽ 28ഉം അതിർത്തി കടന്നുവന്നവരെന്നതിനാൽ ലോക്ക് ഡൗൺ ഇളവുകൾ കർശനമാക്കുകയാണ് ജില്ലാ ഭരണകൂടം. ശരാശരി 1800 പേരാണ് അതിർത്തികടന്ന് ദിവസവും പാലക്കാട് വഴി കേരളത്തിലെത്തുന്നത് അതിർത്തി കടന്ന് ആളുകൾ ഇനിയും എത്തുമെന്നതും നിരീക്ഷണത്തിലുളള പലരും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും ആണ് പ്രധാനവെല്ലുവിളി.

അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തക ഉൾപ്പെടെ 3 പേർക്ക് രോഗവ്യാപനം ഉണ്ടായതും, കഴിഞ്ഞദിവസത്തെ രണ്ടുപേരുടെ സമ്പർക്കത്തിൽ നിന്ന് രണ്ടുപേർക്ക് രോഗം പകർന്നതും കണക്കിലെടുത്താണ് സാമൂഹ്യവ്യാപനമെന്ന ഭീതിയിലേക്ക് ജില്ല നടന്നടുക്കുന്നത്. ഇത് മുൻകൂട്ടി കണ്ടെത്തി തടയാൻ നിലവിൽ പാലക്കാട് നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ട്രിപ്പിൾ ലോക് ഡൗൺ ഉൾപ്പെടെുളള കടുത്ത നിയന്ത്രണങ്ങൾ നിലവിൽ പ്രായോഗികമല്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

അതേസമയം കരുതൽ മേഖലയിൽ നിയന്ത്രണവും നിരീക്ഷണവും കർശനമാക്കും. നിലവിൽ 18 ഹോട് സ്പോട്ടുകളുണ്ട് പാലക്കാട്ട്. രോഗബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കൂടുതൽ പ്രദേശങ്ങൾ കരുതൽ മേഖലയ്ക്ക് കീഴിൽ വരും. ഒപ്പം വീട്ടുനിരീക്ഷണത്തിലുളളവരെ വിലയിരുത്താൻ രൂപീകരിച്ച വാർഡ് തല സമിതി കൂടുതൽ വിപുലമാക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനേക്കാൾ ഓരോ വ്യക്തിയും സാഹചര്യം തിരിച്ചറിഞ്ഞ് ഇടപെടണമെന്നാണ് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. രണ്ടാഴ്ചക്ക് മുമ്പ് കൊവിഡ് മുക്തമായ ജില്ലയാണ് പാലക്കാട്. പിന്നീട് ദിവസങ്ങൾക്കകമാണ് 82 പോസിറ്റീവ് കേസുകളെന്ന സംഖ്യയിലേക്കെത്തുന്നത്. ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസർകോടിനും പിന്നെ കണ്ണൂരിനും ഒപ്പം പാലക്കാട്ടും രോഗവ്യാപനം തീവ്രമാകുമ്പോൾ സമൂഹവ്യാപനമെന്ന ഭീതികൂടിയുണ്ട്.