heavy-raimn

ന്യൂഡൽഹി: രാജ്യത്ത് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില ദിനംപ്രതി വർദ്ധിക്കുമ്പോൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പേമാരിയും വെള്ളപ്പൊക്കവും തുടരുന്നു. ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെ ആസാമിലെ പല ജില്ലകളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഇന്നലെ 47.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഡൽഹി നഗരത്തിൽ രേഖപ്പെടുത്തിയത്.

ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പേമാരിയെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങൾക്ക് ശേഷം ആസാം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്.

ആസാമിലെ കാംരൂപ് ജില്ലയിലാണ് നിലവിൽ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. വരും മണിക്കൂറുകളിൽ ജോർഹട്ട്, സോനിത്പൂർ ജില്ലകളിലും വെള്ളപ്പൊക്കം ശക്തിപ്പെടുമെന്ന് കേന്ദ്ര ജലക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

2002 മെയ് മാസത്തിന് ശേഷം ഡൽഹിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് നിലിലത്തേത്. നാളെ വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡൽഹിയെ കൂടാതെ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ചൂട് കടുക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 2002 മെയിൽ 46 ഡിഗ്രി ആയിരുന്നു മെയ് മാസത്തെ ഉയർന്ന താപനില.