കോഴിക്കോട്: കൊവിഡിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ പൊലീസ് നടപടികൾ ഊർജിതമാക്കുന്നു. കോഴിക്കോട്ടാണ് വ്യാജ പ്രചാരണം പൊടിപൊടിക്കുന്നത്. ജില്ലയിൽ അന്യസംസ്ഥാനക്കാർ താമസിക്കുന്ന കോളനിയിൽ രണ്ട് പേരെ ക്വാറന്റൈനിലാക്കിയെന്ന വ്യാജ പ്രചാരണം വാട്സ് ആപ് വഴിയായിരുന്നു. ഇത് പരിസരവാസികളെ പരിഭ്രാന്തരാക്കി. പിന്നീടാണ് ഇത് വ്യാജ സന്ദേശമാണെന്ന് മനസിലായത്. സന്ദേശം തയ്യാറാക്കിയ ആൾക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
നടക്കാവിലെ കോളനിയിലെ താമസക്കാരായ ചിലർ ചെന്നൈയിൽ നിന്നെത്തിയെന്നും അവരെ കോളനിയിൽ ക്വാറന്റൈനിലാക്കിയെന്നായിരുന്നു മറ്റൊരു പ്രചാരണം.ഇവരിൽ ചിലർ കോളനിയ്ക്ക് സമീപത്തെ കടകളിൽ പോയെന്നും പ്രചാരണമുണ്ടായി.ഇതോടെ കോളനിയുടെ പരിസരത്തുവരാൻ പോലും ആൾക്കാർ ഭയന്നു. കോളനിക്കാരായ രണ്ടു കുടുംബങ്ങൾ ചെന്നൈയിൽ നിന്ന് രണ്ടു ഘട്ടമായി മടങ്ങിയെത്തിയെത്തിയിരുന്നു. ഇവരെ കോഴിക്കോട്ടെത്തിയ ഉടൻ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തത്. പരിസരവാസികൾ നൽകിയ പരാതിയിൽ പ്രദേശത്തെ ഒരു റസി. അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസ് കേസെടുത്തു.വ്യാജ പ്രചാരണത്തെത്തുടർന്ന് ചിലർക്ക് സാമൂഹ്യ ബഹിഷ്കരണം നേരിടേണ്ടിവന്നുവെന്നും പരാതിയുണ്ട്.