ന്യൂഡൽഹി: കൊവിഡ് രോഗനിർണയ പരിശോധന വിപുലമാക്കാൻ ഐ.സി.എം.ആർ. ആരോഗ്യപ്രവർത്തകർക്കും വിദേശത്തു നിന്നും മടങ്ങിയെത്തിയവർക്കും പുറമെ കൂടുതൽ മേഖലകളിൽ തൊഴിലെടുക്കുന്നവരെ പനിയോ, ചുമയോ ഉണ്ടെങ്കിൽ പരിശോധിക്കാനാണ് ഐ.സി.എം.ആർ തീരുമാനം.
ചെക്പോസ്റ്റിലും റോഡുകളിലും നിരീക്ഷണം നടത്തുന്ന പൊലീസുകാർ, വിമാനത്താവള ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, പച്ചക്കറി വിൽപ്പനക്കാർ, ബാങ്ക് ജീവനക്കാർ, ഫാർമസിസ്റ്റുകൾ എന്നിവരിലും പരിശോധനകൾ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങികഴിഞ്ഞു.
തീവ്രബാധിത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പരിശോധനയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് നീക്കം. റാപ്പിഡ് ടെസ്റ്റ് മുൻകരുതൽ നടപടികളുടെ ഭാഗമായി വേണമെങ്കിൽ നടത്താമെങ്കിലും ആർ.ടി പി..സി.ആർ പരിശോധനയാകും നടത്തുക. ഒരു ദിവസം രണ്ട് ലക്ഷം പരിശോധ നടത്താനാണ് ഐ.സി.എം.ആർ നീക്കം. രാജ്യത്തെ കിഴക്കൻ മേഖലയിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് ഐ.സി.എം.ആർ ആലോചിക്കുന്നത്.