war

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന ലഡാക്കിന് സമീപമുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇൗ മാസം ആദ്യം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയ പാങ്കോങ് തടാകത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഇൗ വ്യോമതാവളം. ഇവിടെ വൻ നിർമ്മാണ പ്രവർത്തനങ്ങളാണ് ചൈന നടത്തിയത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു.

അതിർത്തിക്ക് സമീപം ചൈന യുദ്ധ വിമാനങ്ങൾ സജ്ജീകരിച്ചതായും ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്.ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളും ഇറക്കുന്നതിനായി രണ്ടാം ടാക്‌സി ട്രാക്കും നിർമ്മിച്ച് വരികയാണ്. ഇവിടെ ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങൾ കിടക്കുന്നതും കാണാം.

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള വ്യോമത്താവളങ്ങളിലൊന്നാണ് എൻഗാരി ഗുൻസ വ്യോമത്താവളം.

നേരത്തേ ഗൽവാൻ ഏരിയയിൽ ഇന്ത്യ റോഡും പാലവും നിർമിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
ചൈനയുമായുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്, മൂന്ന് സേനാവിഭാഗങ്ങളുടേയും മേധാവികൾ എന്നിവരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.